കന്നട ഭാഷാ നിബന്ധന പാലിക്കാത്തതിന്‍റെ പേരില്‍ ബംഗളൂരു നഗരത്തിലെ കടകള്‍, ഓഫിസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയടക്കം 34,262 സ്ഥാപനങ്ങള്‍ക്ക് ബി.ബി.എം.പി നോട്ടീസ് അയച്ചു.നെയിം ബോർഡുകളില്‍ 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെയാണ് നടപടി. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ഫെബ്രുവരി 29നകം നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ബി.ബി.എം.പി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ബൊമ്മനഹള്ളി വാർഡിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്;
6762. യെലഹങ്ക- 4518, ബംഗളൂരു സൗത്ത്- 3747, മഹാദേവപുര- 4838, ദാസറഹള്ളി- 1458, ബംഗളൂരു വെസ്റ്റ്- 5650, ബംഗളൂരു ഈസ്റ്റ് ഡിവിഷൻ- 5579, രാജരാജേശ്വരി നഗർ- 2010 എന്നിങ്ങനെയാണ് മറ്റു മേഖലകളില്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ കണക്ക്. ബി.ബി.എം.പി കമീഷണറുടെ ഉത്തരവു പ്രകാരം എട്ടു സോണുകളിലായി നടത്തിയ സർവേയിലാണ് കന്നട ഭാഷാ നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചത്. 2017ലും 2019ലും ഇതുസംബന്ധിച്ച് ബി.ബി.എം.പി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും നിർദേശം പൂർണമായും നടപ്പായിരുന്നില്ല. കർണാടകയിലെ സ്ഥാപനങ്ങളുടെ ബോർഡുകളില്‍ 60 ശതമാനം കന്നട ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിയമം സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവരാനാണ് ശ്രമം. ജനുവരി ആദ്യത്തില്‍ ചേർന്ന മന്ത്രിസഭ യോഗം കന്നട ഭാഷ സമഗ്ര വികസന (ഭേദഗതി) ഓർഡിനൻസിന് അനുമതി നല്‍കിയിരുന്നു.
ഇതുപ്രകാരം, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ സൈൻ ബോർഡിലും നെയിം ബോർഡിലും 60 ശതമാനം കന്നട ഭാഷയാണ് ഉപയോഗിക്കേണ്ടത്. കന്നട ബോർഡ് നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഫെബ്രുവരി 28 മുതല്‍ പിഴയീടാക്കുമെന്ന് ഡിസംബർ അവസാനവാരത്തില്‍ ബി.ബി.എം.പി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ കന്നട രക്ഷണ വേദികെ പ്രവർത്തകർ കടകളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകള്‍ നശിപ്പിച്ചിരുന്നു.
എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, യു.ബി സിറ്റി, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, കെംപഗൗഡ റോഡ്, ഗാന്ധി നഗർ, സെന്‍റ് മാർക്സ് റോഡ്, കണ്ണിങ്ഹാം റോഡ്, റെസിഡൻസി റോഡ്, സാദഹള്ളി ഗേറ്റ് തുടങ്ങിയയിടങ്ങളിലാണ് പ്രകടനമായെത്തി അക്രമം അരങ്ങേറിയത്. കന്നട രക്ഷണ വേദികെ കണ്‍വീനർ ടി.എ. നാരായണ ഗൗഡ അടക്കം 29 പേർ അറസ്റ്റിലാകുകയും ചെയ്തു. ബോർഡുകളില്‍ 60 ശതമാനം കന്നട ഭാഷ എന്ന നിബന്ധന പാലിക്കണമെന്ന് ഭരണ- പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചിരുന്നു.
മെനു കാർഡുകള്‍ക്കും നിബന്ധന ബാധകമോ? :60 ശതമാനം കന്നട നിർദേശത്തില്‍ വ്യക്തതതേടി ബംഗളൂരു നഗരത്തിലെ ഹോട്ടലുടമകള്‍. നെയിം ബോർഡുകള്‍ക്ക് മാത്രമാണോ അതോ ഹോട്ടലുകളിലെ മെനു കാർഡുകളിലടക്കം കടകളിലെ മറ്റു എഴുത്തുകളിലും ഈ നിബന്ധന ബാധകമാണോ എന്നതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബംഗളൂരു ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ബൃഹത് ബംഗളൂരു മഹാനഗര പാലികെക്ക് (ബി.ബി.എം.പി) കത്തുനല്‍കി. കന്നട അനുകൂല സംഘടനാ പ്രവർത്തകരുടെ കൈയേറ്റം അടക്കമുള്ള പ്രതിഷേധങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്നത് ഹോട്ടലുകളടക്കമുള്ള കടയുടമകളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 28 കഴിഞ്ഞാല്‍ കന്നട അനുകൂല പ്രവർത്തകർതന്നെ നേരിട്ടിറങ്ങി സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തലും കൈയേറ്റവും നടത്താനുള്ള സാധ്യതയുമുണ്ട്.