ബംഗളൂരു: കര്‍ണാടകയിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഉള്‍പ്പെടുത്തണമെന്നത് കര്‍ശനമായി നടപ്പാക്കാൻ സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ നിയമം കൊണ്ടുവരും.
കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം കന്നഡ ഭാഷ സമഗ്ര വികസന (ഭേദഗതി) ഓര്‍ഡിനൻസിന് അനുമതി നല്കി. ഇതുപ്രകാരം, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ സൈൻ ബോര്‍ഡിലും നെയിം ബോര്‍ഡിലും 60 ശതമാനം കന്നഡ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ് ലോട്ട് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച നിര്‍ദേശം കന്നഡ സാംസ്കാരിക വകുപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും ബംഗളൂരുവടക്കം പല നഗരങ്ങളിലും പൂര്‍ണമായി നടപ്പിലായിരുന്നില്ല.
എന്നാല്‍, കന്നഡ ബോര്‍ഡ് സ്ഥാപിക്കാത്ത കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കുമെതിരെ ഫെബ്രുവരി 28 മുതല്‍ പിഴയീടാക്കുമെന്ന് ഡിസംബര്‍ അവസാന വാരത്തില്‍ ബി.ബി.എം.പി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ നിബന്ധന പാലിക്കാത്ത കടകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ പലയിടത്തും നശിപ്പിച്ചിരുന്നു. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, യു.ബി സിറ്റി, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, കെംപഗൗഡ റോഡ്, ഗാന്ധി നഗര്‍, സെന്റ് മാര്‍ക്സ് റോഡ്, കണ്ണിങ്ഹാം റോഡ്, റെസിഡൻസി റോഡ്, സാദഹള്ളി ഗേറ്റ് തുടങ്ങിയ ഇടങ്ങളിലാണ് പ്രകടനമായെത്തി അക്രമം അരങ്ങേറിയത്. മാളുകളുടെയും കടകളുടെയും വാണിജ്യകെട്ടിടങ്ങളുടെയും അടക്കം ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. പൊലീസ് എത്തി കന്നഡ രക്ഷണ വേദികെ കണ്‍വീനര്‍ ടി.എ. നാരായണ ഗൗഡ അടക്കം 29 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി മറ്റു കന്നഡ അനുകൂല സംഘടനകളും രംഗത്തിറങ്ങി.
ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷ എന്ന നിബന്ധന പാലിക്കണമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. ഇതോടെ നിര്‍ദേശം പാലിക്കാൻ ഫെബ്രുവരി 18 വരെ ആദ്യം സമയമനുവദിച്ച ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് ഇതു വെട്ടിച്ചുരുക്കി.
ജനുവരി 15നകം ബോര്‍ഡുകളില്‍ കന്നഡ ഭാഷ നിബന്ധന നടപ്പാക്കണമെന്നാണ് പുതിയ നിര്‍ദേശം. നെയിം ബോര്‍ഡുകളില്‍ കന്നഡ പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാണ് പേരെഴുതേണ്ടത്. 60 ശതമാനം വലുപ്പത്തില്‍ കന്നഡയിലും ബാക്കി 40 ശതമാനം മറ്റു ഭാഷകളിലുമാവാം. ജനുവരി 15ന് ശേഷവും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരും. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താൻ ബി.ബി.എം.പി അധികൃതര്‍ സോണ്‍ അടിസ്ഥാനത്തില്‍ സര്‍വേ നടത്തും.