Home Featured ബംഗളൂരു- കോയമ്ബത്തൂര്‍, മംഗളൂരു -ഗോവ ; വന്ദേഭാരത് സര്‍വിസുകള്‍ ഇന്നുമുതല്‍

ബംഗളൂരു- കോയമ്ബത്തൂര്‍, മംഗളൂരു -ഗോവ ; വന്ദേഭാരത് സര്‍വിസുകള്‍ ഇന്നുമുതല്‍

by admin

ബംഗളൂരു: ബംഗളൂരു-കോയമ്ബത്തൂര്‍, മംഗളൂരു- ഗോവ വന്ദേഭാരത് സര്‍വിസുകള്‍ ശനിയാഴ്ചമുതല്‍ ആരംഭിക്കും. ഇരു സര്‍വിസുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറൻസിങ് വഴി നിര്‍വഹിക്കും.

കോയമ്ബത്തൂരിനിന്ന് ബംഗളൂരു കന്റോണ്‍മെന്റ് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ബുധനാഴ്ച പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 11ന് കോയമ്ബത്തൂര്‍ ജങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉദ്ഘാടന സ്പെഷല്‍ സര്‍വിസ് ആരംഭിക്കും. സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6.30 ഓടെയാണ് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ചേരുക. തിരുപ്പൂര്‍- 11.47, ഈറോഡ്- 12.34, സേലം – ഉച്ചക്ക് 1.31, ധര്‍മപുരി- 2.53, ഹൊസൂര്‍- 4.25 എന്നിങ്ങനെയാണ് ഉദ്ഘാടന സ്പെഷല്‍ സര്‍വിസിന്റെ സമയക്രമം.

എട്ടു കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകള്‍ ഞായറാഴ്ചമുതല്‍ ഷെഡ്യൂള്‍ പ്രകാരം ഓടിത്തുടങ്ങും. വ്യാഴാഴ്ചകളില്‍ ഒഴികെയാണ് സര്‍വിസ്. കോയമ്ബത്തൂരില്‍നിന്ന് പുലര്‍ച്ച അഞ്ചിന് സര്‍വിസ് ആരംഭിക്കുന്ന കോയമ്ബത്തൂര്‍ ജങ്ഷൻ- ബംഗളൂരു കന്റോണ്‍മെന്റ് (20642) വന്ദേഭാരത് തിരുപ്പൂര്‍ (രാവിലെ 5.42), ഈറോഡ് ജങ്ഷൻ (രാവിലെ 6.27), സേലം ജങ്ഷൻ (രാവിലെ 7.18), ധര്‍മപുരി (രാവിലെ 8.32), ഹൊസൂര്‍ (രാവിലെ 10.05) വഴി രാവിലെ 11.30ന് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും.

ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍നിന്ന് ഉച്ചക്ക് 1.40 ന് പുറപ്പെടുന്ന ബംഗളൂരു കന്റോണ്‍മെന്റ്- കോയമ്ബത്തൂര്‍ ജങ്ഷൻ (20641) വന്ദേഭാരത് എക്സ്പ്രസ് ഹൊസൂര്‍ (ഉച്ചക്ക് 2.52), ധര്‍മപുരി (വൈകീട്ട് 4.16), സേലം ജങ്ഷൻ (വൈകീട്ട് 5.53), ഈറോഡ് ജങ്ഷൻ (വൈകീട്ട് 6.45), തിരുപ്പൂര്‍ (രാത്രി 7.25) വഴി രാത്രി എട്ടിന് കോയമ്ബത്തൂര്‍ ജങ്ഷനിലെത്തും. ഈറോഡില്‍ അഞ്ചും സേലത്ത് മൂന്നും മറ്റു സ്റ്റേഷനുകളില്‍ രണ്ടും മിനിറ്റ് വീതം സ്റ്റോപ്പുണ്ടാകും.

സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എത്തുന്നതോടെ ബംഗളൂരു, കോയമ്ബത്തൂര്‍ നഗരങ്ങള്‍ക്കിടയില്‍ ആറര മണിക്കൂര്‍കൊണ്ട് യാത്ര ചെയ്യാനാകും. ഇരു നഗരങ്ങള്‍ക്കുമിടയിലെ 374 കിലോമീറ്റര്‍ മണിക്കൂറില്‍ ശരാശരി 58 കിലോമീറ്റര്‍ വേഗത്തിലാണ് വന്ദേഭാരത് താണ്ടുക. അതേസമയം, പരീക്ഷണയോട്ടം നടത്തിയ സര്‍വിസ് അഞ്ചു മണിക്കൂറും 38 മിനിറ്റും കൊണ്ട് കോയമ്ബത്തൂരില്‍നിന്ന് ബംഗളൂരു കന്റോണ്‍മെന്റിലെത്തിയിരുന്നു. ഇതിനെക്കാളും 52 മിനിറ്റ് അധികമെടുത്താണ് സര്‍വിസ് സമയക്രമം തയാറാക്കിയിരിക്കുന്നത്.

നിലവില്‍ കോയമ്ബത്തൂര്‍- ബംഗളൂരു- കോയമ്ബത്തൂര്‍ റൂട്ടില്‍ ഡബിള്‍ ഡക്കര്‍ ഉദയ് എക്സ്പ്രസ് സര്‍വിസ് നടത്തുന്നുണ്ട്. ഇത് 419 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സേലം-ജോലാര്‍പേട്ട്- കെ.ആര്‍ പുരം വഴിയാണ് കെ.എസ്.ആര്‍ ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്നത്. മണിക്കൂറില്‍ ശരാശരി 60 കിലോമീറ്റര്‍ വേഗത്തില്‍ ഏഴു മണിക്കൂര്‍ കൊണ്ട് ഉദയ് എക്സ്പ്രസ് ലക്ഷ്യത്തിലെത്തുന്നുണ്ട്. പുലര്‍ച്ച 5.45ന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ബംഗളൂരുവില്‍ 12.40ന് എത്തിച്ചേരും. ഉദയ് എക്സ്പ്രസിനെക്കാളും ഇരട്ടി ചാര്‍ജുള്ള വന്ദേഭാരതിലെ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ മാത്രമാണ് ലാഭം. വന്ദേഭാരതില്‍ ചെയര്‍കാറിന് 1000ഉം എക്സിക്യൂട്ടിവ് ചെയര്‍ കാറിന് 1550 ഉം രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബംഗളൂരുവില്‍നിന്നുള്ള നാലാമത്തെ വന്ദേഭാരത് സര്‍വിസാണിത്. നേരത്തേ, മൈസൂരു-ബംഗളൂരു- ചെന്നൈ, ബംഗളൂരു-ധാര്‍വാഡ്- ബെളഗാവി, ബംഗളൂരു- ഹൈദരാബാദ് എന്നീ വന്ദേഭാരത് സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.

ഐലൻഡ് എക്സ്പ്രസിന് മൂന്നു സ്റ്റോപ് പിൻവലിച്ചു

ബംഗളൂരു: കെ.എസ്.ആര്‍ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന് (ട്രെയിൻ നമ്ബര്‍ 16526) അനുവദിച്ചിരുന്ന മൂന്നു താല്‍ക്കാലിക സ്റ്റോപ്പുകള്‍ പിൻവലിച്ചു. ധനുവച്ചപുരം, കൂലിത്തുറൈ, പള്ളിയാടി എന്നിവിടങ്ങളിലെ സ്റ്റോപ്പാണ് ജനുവരി ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നത്.

മംഗളൂരു- ഗോവ വന്ദേഭാരത്; മുംബൈ യാത്രക്കാര്‍ക്കും ഗുണകരം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍നിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സര്‍വിസ് മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11ന് കര്‍ണാടക നിയമസഭ സ്പീക്കറും മംഗളൂരു എം.എല്‍.എയുമായ യു.ടി. ഖാദര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷൻ അധികൃതര്‍ വെള്ളിയാഴ്ച മംഗളൂരുവില്‍ ഉദ്ഘാടന ഒരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ജില്ല ചുമതല വഹിക്കുന്ന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കും.

മുംബൈ യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ട്രെയിൻ സമയക്രമം. മംഗളൂരു സെന്‍ട്രലില്‍നിന്ന് കയറുന്ന യാത്രക്കാര്‍ക്ക് മഡ്ഗാവില്‍നിന്നുള്ള മുംബൈ സി.എസ്.ടി വന്ദേഭാരതില്‍ കയറാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം.

രാവിലെ 8.30ന് പുറപ്പെട്ട് ട്രെയിന്‍ 1.15നാണ് മഡ്ഗാവില്‍ എത്തുക. തിരിച്ച്‌ 1.45ന് പുറപ്പെട്ട് വൈകീട്ട് 6.30ന് മംഗളൂരുവിലെത്തും. 320 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് നാലര മണിക്കൂറില്‍ ഓടിയെത്തും.

മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് ഒന്നേകാലിന് മഡ്ഗാവിലെത്തുമെന്നതിനാല്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഉച്ചക്ക് 2.40ന് മഡ്ഗാവില്‍നിന്ന് മുംബൈയിലേക്ക് പോവുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാനാവും. ഈ വന്ദേഭാരതിന് തിവിം, കനകവേലി, രത്‌നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 10.25നാണ് ട്രെയിന്‍ മുംബൈയില്‍ എത്തിച്ചേരുക. ഫലത്തില്‍ രണ്ട് ട്രെയിനുകളിലും ഒരേദിവസം സീറ്റ് ലഭിക്കുന്ന യാത്രക്കാര്‍ക്ക് രാവിലെ എട്ടരക്ക് കയറി മഡ്ഗോവയില്‍ ഉച്ചഭക്ഷണവും മറ്റും കഴിഞ്ഞ് യാത്ര തുടര്‍ന്ന് രാത്രി പത്തരക്ക് മുമ്ബ് മുംബൈയില്‍ എത്താം.

You may also like

error: Content is protected !!
Join Our WhatsApp Group