Home തിരഞ്ഞെടുത്ത വാർത്തകൾ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ റൈഹാനെയും രാഷ്ട്രീയത്തിലിറക്കാൻ പ്രിയങ്ക? വിമര്‍ശനവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ റൈഹാനെയും രാഷ്ട്രീയത്തിലിറക്കാൻ പ്രിയങ്ക? വിമര്‍ശനവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ മകൻ റൈഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പോരിലേക്ക്.ഡല്‍ഹിയിലെ ബിക്കാനീർ ഹൗസില്‍ നടക്കുന്ന പ്രദർശനത്തില്‍നിന്ന് ചില ചിത്രങ്ങള്‍ നീക്കാൻ അധികൃതർ നിർദേശിച്ചെന്ന റൈഹാന്റെ ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച്‌ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഭാവി അധ്യക്ഷനായി റൈഹാനെ അവതരിപ്പിക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി.99 തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ അവതരിപ്പിച്ചെന്നും ഇനി റൈഹാനെ രംഗത്തിറക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ ദൗത്യമാണ് നടക്കുന്നതെന്നുമായിരുന്നു ഭാട്ടിയയുടെ പരിഹാസം.

അധികാരം തിരിച്ചുപിടിക്കാൻ ഗാന്ധി കുടുംബം എന്തും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.ഡല്‍ഹിയിലെ യുവജന പ്രതിഷേധങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോകള്‍ക്കും ഇന്ത്യൻ ത്രിവർണ പതാക ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങള്‍ക്കും ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് എതിർപ്പ് അറിയിച്ചെന്നും അവ നീക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റൈഹാൻ വാദ്രയുടെ ആരോപണം. ഇതിനു പിന്നില്‍ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും തീരുമാനമെടുത്തത് സ്ഥാപനത്തിന്റെ മാനേജ്‌മെന്റാണെന്നാണ് തനിക്കറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പൊതുസ്ഥാപനങ്ങള്‍ കലാകാരന്മാരോടും ഗാലറികളോടും ക്യൂറേറ്റർമാരോടും ഉത്തരവാദിത്തം പുലർത്തണമെന്നും റൈഹാൻ പ്രതികരിച്ചു.

അധികാരത്തിലിരിക്കുന്നവർക്ക് ഇഷ്ടമല്ലെന്ന കാരണത്താല്‍ കലാസൃഷ്ടികള്‍ നീക്കം ചെയ്യുന്നത് തെറ്റാണെന്നും ഏത് തരത്തിലുള്ള സെൻസർഷിപ്പും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മകന്റെ നിലപാടിനെ പിന്തുണച്ച്‌ പ്രിയങ്ക ഗാന്ധി നേരത്തെ സമൂഹമാധ്യമമായ എക്സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അധികാരമുള്ള ഒരാള്‍ മറ്റൊരാളുടെ ആവിഷ്‌കാരത്തെ ഭയപ്പെടുന്നുവെങ്കില്‍, സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം അയാള്‍ ഇതിനകംതന്നെ നഷ്ടപ്പെടുത്തിയെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സത്യത്തിനും സൗന്ദര്യത്തിനും വേണ്ടി നിലകൊള്ളുന്ന മകനില്‍ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി. റൈഹാന്റെ പോസ്റ്റിനെ ഭർത്താവ് റോബർട്ട് വാദ്രയും പിന്തുണച്ചിരുന്നു. വിവാദങ്ങള്‍ക്കിടയിലും റൈഹാന്റെ ഫോട്ടോ പ്രദർശനം പരിമിതമായ രീതിയില്‍ തുടരുമെന്നാണ് റിപ്പോർട്ട്. അടുത്ത മാസം ബെംഗളൂരുവിലും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group