ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ബെംഗളൂരു വിധാന്‍ സൗധയില്‍ സ്‌ഫോടനം നടക്കുന്നതായി വ്യാജ വീഡിയോ നിര്‍മ്മിച്ചു പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ വന്‍ പൊതുരോഷത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടപടി സ്വീകരിച്ചത്. ബിഹാര്‍ അരാരിയ ജില്ലാ സ്വദേശിയായ ഹസ്രത്ത് അലി (25) ആണ് പിടിയിലായത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ ജോലിക്കായി എത്തിയതായിരുന്നു ഇയാള്‍.വിധാന്‍ സൗധ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്ര്. വിധാന്‍ സൗധയ്ക്ക് മുന്നില്‍ നിന്ന് ഒരാള്‍ വെടിയുതിര്‍ക്കുന്നതായും തുടര്‍ന്ന് കെട്ടിടം വന്‍ സ്‌ഫോടനത്തില്‍ തകരുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.വീഡിയോ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ തോതിലുള്ള സുരക്ഷാ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ബെംഗളൂരു പോലീസ് ഔദ്യോഗികമായി ഇടപെടുകയും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.