തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. പുഷ്പ 2 വിന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സംവിധായകന്‍ സുകുമാറും സംഘവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്ന ജാതര ഗെറ്റപ്പിലുള്ള അല്ലു അര്‍ജുന്റെ രംഗങ്ങളാണ് രാമോജിയില്‍ ചിത്രീകരിച്ചിരുന്നത്. ഈ വേഷത്തില്‍ താരത്തിന് ഒരു പാട്ടും സംഘട്ടനരംഗവുമാണ് ചിത്രത്തിലുള്ളത്. ഈ കോസ്റ്റ്യൂമില്‍ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ അല്ലു അര്‍ജുന് പുറംവേദന കലശലായെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്ലു അര്‍ജുന്‍ വിശ്രമത്തിലായതിനാലാണ് പുഷ്പ 2-ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്. പുറംവേദന വകവെയ്‌ക്കാതെ അഭിനയിക്കാന്‍ താരം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സംവിധായകന്‍ സുകുമാര്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുന്ന മുറയ്‌ക്ക് ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.