ബെയ്ജിങ്: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ തന്ത്രപൂര്‍വം കുടുക്കി വീട്ടമ്മ. ചൈനയിലെ യുനാൻ പ്രവിശ്യയില്‍ നവംബര്‍ എട്ടിന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അര്‍ധരാത്രി മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളൻ. എന്നാല്‍ വീട്ടുകാര്‍ ആ സമയമായിട്ടും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് അവിടെ നിന്ന് പോകുന്നതിന് പകരം, വീട്ടുകാര്‍ ഉറങ്ങുന്നത് വരെ കാത്തിരിക്കാൻ മോഷ്ടാവ് തീരുമാനിച്ചു. സിഗരറ്റൊക്കെ വലിച്ച് കള്ളൻ സമയം പോക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ കള്ളൻ അറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തിനിടെ ഇയാള്‍ നന്നായി കൂര്‍ക്കം വലിക്കുന്നുമുണ്ടായിരുന്നു.
വീട്ടുകാരി തന്റെ ചെറിയ കുട്ടിയോടൊപ്പമാണ് ഉറങ്ങാൻ കിടന്നത്. എവിടെ നിന്നോ കൂര്‍ക്കം വലി കേട്ടപ്പോള്‍ അവര്‍ ശ്രദ്ധിക്കാൻ തുടങ്ങി. അയല്‍പക്കത്തു നിന്നായിരിക്കുമെന്ന് കരുതി കൂടുതല്‍ ശ്രദ്ധിക്കാൻ നിന്നില്ല. എന്നാല്‍ കൂര്‍ക്കംവലി സമീപത്ത് നിന്നെങ്ങാനുമാണെന്ന് അവര്‍ക്ക് സംശയം തോന്നി. കുട്ടിയുടെ പാല്‍കുപ്പി വൃത്തിയാക്കാനായി എഴുന്നേറ്റപ്പോള്‍ കൂര്‍ക്കംവലി കൂടുതല്‍ വ്യക്തമായി കേട്ടു.
തുടര്‍ന്ന് വീട്പരിശോധിച്ചപ്പോഴാണ് മുറിയുടെ തറയില്‍ കിടന്നുറങ്ങുന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ മുറിയില്‍ നിന്ന് പുറത്തിറങ്ങി മറ്റുള്ളവരെ വിളിച്ചുകൂട്ടി. അവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥിരം മോഷ്ടാവാണ് പിടിയിലായ യാങ് സംയുക്തി. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് സെപ്റ്റംബറില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അയാള്‍.