ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന ബെംഗളൂരു – വിജയവാഡ എക്സ്പ്രസ്വേ നിർമാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു.ആന്ധ്രാ പ്രദേശിനെയും കർണാടകയെയും ബന്ധിപ്പിക്കുന്ന 342 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീല്‍ഡ് ഹൈവേ പദ്ധതി രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിവേഗ യാത്ര ഉറപ്പാക്കും. ഐടി നഗരമായ ബെംഗളൂരുവിലേക്ക് അതിവേഗം എത്തിച്ചേരാൻ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.എന്തിനാണ് ബെംഗളൂരു – വിജയവാഡ ദേശീയപാതദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമായ ആന്ധ്രാ പ്രദേശും ഐടി നഗരമായ ബെംഗളൂരുവും തമ്മിലുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ബെംഗളൂരു – വിജയവാഡ ഗ്രീൻഫീല്‍ഡ് ദേശീയപാത വികസിപ്പിക്കുന്നത്. ‘ഭാരത്മാല പരിയോജന’യുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ആറ് വരികളുള്ള നിയന്ത്രിത (access-controlled) ഹൈവേ നിർമിക്കുന്നത്.
2027ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാ സമയം കുറയും.342 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതആന്ധ്രാപ്രദേശ് – കർണാടക അതിർത്തിക്ക് സമീപമുള്ള കൊഡികോണ്ട മുതല്‍ അഡ്ഡങ്കിക്ക് അടുത്തുള്ള മുപ്പാവരം വരെ ഏകദേശം 342 – 343 കിലോമീറ്റർ ദൈർഘ്യത്തിലാണ് പുതിയ പാത (ഗ്രീൻഫീല്‍ഡ്) കടന്നുപോകുന്നത്. പുതിയ പാതകളുടെ നിർമാണവും നിലവിലുള്ള റോഡുകളുടെ നവീകരണവും ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങളും ഈ പദ്ധതി മൊത്തത്തില്‍ 518 മുതല്‍ 624 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നതാണ്. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 19,200 മുതല്‍ 19,320 കോടി രൂപവരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിവൻ നഗരങ്ങളായ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയില്‍ അതിവേഗ യാത്ര ഉറപ്പാക്കുന്ന റോഡ് ആവശ്യമാണെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. നിലവില്‍ 11, 12 മണിക്കൂറാണ് ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം.
പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രയ്ക്ക് ഏകദേശം ആറ് മുതല്‍ ഏഴ് മണിക്കൂർ വരെ മാത്രമാകും ആവശ്യമായി വരികയെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു.ചരക്കുനീക്കം വേഗത്തിലാക്കുന്ന പാതഅതിവേഗ യാത്ര സമ്മാനിക്കുന്നതിനൊപ്പം ഈ മേഖലകളിലെ ചരക്കുനീക്കം സുഗമമാകുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ കാർഷിക ഉത്പന്നങ്ങള്‍, ധാതുക്കള്‍, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവ വിജയവാഡ, ബെംഗളൂരു എന്നിവിടങ്ങളിലെ വിപണികളിലേക്കും കിഴക്കൻ തീരത്തെ തുറമുഖങ്ങളിലേക്കും എത്തിക്കുന്നത് കൂടുതല്‍ എളുപ്പമാകും.ആന്ധ്രാ പ്രദേശിലെ നാല് ജില്ലകളിലൂടെ കടന്നുപോകുന്ന പാതആന്ധ്രാ പ്രദേശിലെ നാല് ജില്ലകളിലൂടെ കടന്നുപോകുന്ന പാത എന്ന പ്രത്യേകത ബെംഗളൂരു – വിജയവാഡ ദേശീയപാതയുക്കുണ്ട്. ഈ ജില്ലകളിലുള്ളവർക്ക് അതിവേഗ യാത്ര ലഭിക്കുന്നതിനൊപ്പം ചരക്കുനീക്കം വേഗത്തിലാക്കാനും സാധിക്കും. ഗുണ്ടൂർ, പ്രകാശം, കർണൂല്‍, കടപ്പ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
തിരക്കേറിയ പട്ടണങ്ങളെയും നിലവിലുള്ള ഹൈവേകളെയും ഒഴിവാക്കി കടന്നുപോകുന്ന തരത്തിലാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ പഴയ പാതകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.പ്രകാശം ജില്ലയില്‍ നിർമാണം അതിവേഗത്തില്പദ്ധതിയുടെ ഏകദേശം 110 കിലോമീറ്റർ ഭാഗം ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ഈ പാത ചന്ദ്രശേഖരപുരം, കനിഗിരി, വെലിഗണ്ട്ല, മറിപ്പുഡി, ചീമകുർത്തി, തല്ലൂർ, അദ്ദങ്കി, കൊണ്ടേപി, പാങ്കുലുരു എന്നീ മണ്ഡലങ്ങളിലൂടെ കടന്നുപോകും. പൊദിലി, കനിഗിരി തുടങ്ങിയ പട്ടണങ്ങളും പാതയുടെ പരിധിയില്‍ വരുന്നു. മണ്ണ് നീക്കം ചെയ്യല്‍, കലുങ്കുകള്‍, പാലങ്ങള്‍, ടാറിങ് എന്നിവയാണ് നിർമാണ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്. നാരായണമ്പേട്ട – ചന്ദ്രശേഖരപുരം, പോലവരം – മറിപ്പാട് എന്നീ ഭാഗങ്ങളില്‍ നിർമാണ പുരോഗതി കൈവരിച്ചിട്ടുണ്ട്.
നിർമാണം പതിനാല് പാക്കേജുകളായിഗ്രീൻഫീല്ഡ് പാതയെ 14 നിർമാണ പാക്കേജുകളായി വിഭജിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്, കെഎൻആർ കണ്‍സ്ട്രക്ഷൻസ്, ദിലീപ് ബില്‍ഡ്കോണ്‍ എന്നീ കമ്പനികള്‍ക്കാണ് നിർമാണത്തിൻ്റെ കരാർ നല്‍കിയിരിക്കുന്നത്. മണ്ണ് നീക്കം ചെയ്യല്‍, റോഡ് തട്ടുകള്‍ ഒരുക്കല്‍, ടാറിങ് എന്നിവയാണ് ഉള്‍പ്പെടുന്നത്.വിവിധ പാക്കേജുകളിലായുള്ള നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലായതായി മുതിർന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥൻ അറിയിച്ചു. 2026 ജനുവരിയില്‍ നടന്ന അവലോകന യോഗത്തില്‍ ബെംഗളൂരു – കടപ്പ – വിജയവാഡ ഇക്കണോമിക് കോറിഡോറിന്റെ നിർമാണം 2027ഓടെ പൂർത്തിയാക്കാൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.