ബെംഗളൂരു: ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മാണത്തിലിരിക്കേ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ സഹായവുമായി ബെംഗളൂരു മലയാളിയുടെ സ്ഥാപനവും.ഖനന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്ന സ്ക്വാഡ്രണ്‍ ഇൻഫ്രാ ആൻഡ് മൈനിങ് പ്രൈവറ്റ് ലിമിറ്റഡാണ് രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണ്‍ സഹായം ലഭ്യമാക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് സഹായം ആവശ്യപ്പെട്ട് രക്ഷാദൗത്യ സംഘം വിളിക്കുന്നതെന്നും രാത്രിതന്നെ ആറംഗസംഘം സില്‍കാരയിലേക്ക് പുറപ്പെട്ടെന്നും സ്ക്വാഡ്രണ്‍ സ്ഥാപകനും സി.ഇ.ഒ.യുമായ കോട്ടയം സ്വദേശി സിറിയക് ജോസഫ് പറഞ്ഞു. ഇദ്ദേഹവും വ്യാഴാഴ്ച ഉത്തരാഖണ്ഡിലേക്ക് പോകും.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ വിശാല്‍ വര്‍മയാണ് സഹായം ആവശ്യപ്പെട്ടത്.ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള സൈമള്‍ടെന്യസ് ലോക്കലൈസേഷൻ ആൻഡ് മാപ്പിങ് (എസ്.എല്‍.എ.എം.) എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. തുരങ്കത്തില്‍ ഡ്രോണ്‍ കടത്തിവിട്ട് അകത്തെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ദൗത്യസംഘത്തിന് കൈമാറുകയാണ് ചെയ്യുക. തുരങ്കത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയുള്ള വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം എങ്ങനെ?തുരങ്കത്തിനകത്ത് വ്യക്തികള്‍ പോയി ചെയ്യുന്ന പരിശോധനകള്‍ ഇവിടെ ഡ്രോണിലെ ലേസര്‍ സെൻസര്‍ ചെയ്യും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജമാക്കിയ രണ്ട് ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ലേസര്‍ അടിസ്ഥാനമാക്കിയുള്ള എസ്.എല്‍.എ.എം. സാങ്കേതികവിദ്യ കൂടാതെ നിര്‍മിതബുദ്ധിയും ഉപയോഗിക്കും. ഡ്രോണില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള ക്യാമറകളുടെയും ലിഡാര്‍ സെൻസറുകളുടെയും സഹായത്തോടെ വിശകലനം നടത്തിയ ശേഷം വിവരങ്ങള്‍ രക്ഷാസംഘത്തിന് കൈമാറും. ഇതിന്റെയടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല നിര്‍ണായകതീരുമാനങ്ങളും ദൗത്യസംഘത്തിന് കൈക്കൊള്ളാനാകും.
കര്‍ണാടകത്തില്‍ ഭൂഗര്‍ഭ ഖനിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ (ഫയല്‍ ചിത്രം) ഇൻസെറ്റില്‍ സിറിയക് ജോസഫ്മൈനിങ് എൻജിനിയര്‍മാര്‍, ഡ്രോണ്‍ പൈലറ്റുമാര്‍, ജിയോ ടെക്നിക്കല്‍ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ വിശകലനങ്ങള്‍ക്കും ഏകോപനത്തിനുമായി ഒരു സംഘം ബെംഗളൂരുവിലെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂല്യമുള്ള വിവരങ്ങള്‍ ലഭ്യമാക്കും:തുരങ്കത്തില്‍ ഡ്രോണ്‍ പോയി വിവരങ്ങള്‍ ശേഖരിക്കും. ലിഡാര്‍ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഡ്രോണില്‍നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് രക്ഷാസംഘത്തിന് കൈമാറും. വളരെ മൂല്യമുള്ള വിവരങ്ങള്‍ കൈമാറുന്നതിനാല്‍ ശരിയായ തീരുമാനങ്ങളെടുക്കാൻ ദൗത്യസംഘത്തിന് സഹായകമാകുന്നു
സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം* ▸ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി. മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾക്കും മലയോര തീരദേശ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചെറുതോടുകളും ഓടകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി.
പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു.