Home Featured കര്‍ണാടക രാജ്യോത്സവം ഇന്ന്; നാല് മഹാരാഷ്ട്ര നേതാക്കള്‍ക്ക് പ്രവേശന വിലക്ക്

കര്‍ണാടക രാജ്യോത്സവം ഇന്ന്; നാല് മഹാരാഷ്ട്ര നേതാക്കള്‍ക്ക് പ്രവേശന വിലക്ക്

ബംഗളൂരു: കന്നട രാജ്യോത്സവം ഇന്ന്. 1956ല്‍ കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ ആഘോഷമാണിത്. ഇതോടനുബന്ധിച്ച്‌ വിവിധ ആഘോഷ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുക.കര്‍ണാടകയുടെ പതാക വിവിധയിടങ്ങളില്‍ ഉയര്‍ത്തും. അതേസമയം, ഇത്തവണയും ബെളഗാവി ജില്ലയിലെ മറാഠി സംസാരിക്കുന്ന ഗ്രാമങ്ങള്‍ ഏറെയുള്ള മേഖലയില്‍ രാജ്യോത്സവത്തിനെതിരെ പ്രതിഷേധമുണ്ടാകും. മറാത്ത അനുകൂല രാഷ്ട്രീയ സംഘടനയായ മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്) ഇന്ന് കരിദിനമായി ആചരിക്കുന്നുണ്ട്. ഇതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക പിന്തുണയും അറിയിച്ചു.

തങ്ങളുടെ പ്രതിനിധിയെ ഇന്ന് ബെളഗാവിയിലേക്ക് അയക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം അറിയിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ ബെളഗാവിയിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ രണ്ടിന് വൈകുന്നേരം വരെ നാല് മഹാരാഷ്ട്ര നേതാക്കള്‍ ബെളഗാവിയില്‍ പ്രവേശിക്കുന്നത് ഡെപ്യൂട്ടി കമീഷണര്‍ നിതീഷ് പാട്ടീല്‍ നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രിമാരായ ശംഭുരാജ് ദേശായ്, ചന്ദ്രകാന്ത് പാട്ടീല്‍, ദീപക് കേസര്‍ക്കാര്‍, ലോക്സഭ എം.പിയായ ധൈര്യശീല്‍ മാനെ എന്നിവര്‍ക്കാണ് നിരോധനം. ചൊവ്വാഴ്ച വൈകുന്നേരം ആറുമുതല്‍ നവംബര്‍ രണ്ട് വൈകുന്നേരം ആറുവരെയാണ് വിലക്ക്.

ബെളഗാവിയിലെ 800 അതിര്‍ത്തി ഗ്രാമങ്ങളെ മഹാരാഷ്ട്രയോടൊപ്പം ചേര്‍ക്കണമെന്നതാണ് എം.ഇ.എസിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം. ഈ ഗ്രാമങ്ങള്‍ മറാത്ത സംസാരിക്കുന്നവയാണ്. ഇന്നത്തെ കരിദിനാചരണത്തിന് ബെളഗാവി ജില്ല ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് മറാത്ത അനുകൂല സംഘടനകള്‍ കന്നട രാജ്യോത്സവ ദിനത്തില്‍ വൻപ്രതിഷേധം നടത്തിയിരുന്നു. കന്നട അനുകൂല സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നതോടെ കല്ലേറടക്കമുള്ള അനിഷ്ടസംഭവങ്ങളാണ് ബെളഗാവിയില്‍ ഉണ്ടായത്. മഹാരാഷ്ട്രയില്‍നിന്നുള്ള നേതാക്കള്‍ കര്‍ണാടകയിലെത്തുന്നത് തടയണമെന്ന് കന്നട അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group