ബെംഗളൂരു : രാമനഗര ജില്ലയുടെ പേര്ബെംഗളൂരു സൗത്ത് എന്നാക്കിമാറ്റുമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വാഗ്ദാനത്തിനെതിരേ എതിർപ്പുയർത്തി മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ജില്ലയുടെ പേര് മാറ്റാൻ സർക്കാർ തീരുമാനിച്ചാൽ താൻ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്ന് കുമാരസ്വാമി ഭീഷണിമുഴക്കി.രാമനഗര ജില്ലയിലെ കനകപുരയെ ബെംഗളൂരു അർബൻ ജില്ലയുടെ ഭാഗമാക്കുമെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിൽ എതിർപ്പുമായി കുമാരസ്വാമി രംഗത്തെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് രാമനഗരയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റുമെന്ന് ശിവകുമാർ എക്സിൽ കുറിച്ചത്. ഇതോടെയാണ് രാമനഗരയിലെ ചന്നപട്ടണ എം.എൽ.എ.യായ കുമാരസ്വാമി പ്രതിഷേധം ശക്തമാക്കിയത്. 2007-ൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെയാണ് രാമനഗരജില്ലക്ക് രൂപം നൽകിയത്. ശിവകുമാറിന്റെ ബിസിനസ് താത്പര്യമാണ് പേരുമാറ്റത്തിന്റെ പിന്നിലെന്ന് കുമാരസ്വാമി ആരോപിക്കുന്നു. കനകപുരയിൽ ശിവകുമാറിനുള്ള ഭൂമിയുടെ വിലയുയർത്തുകയാണ് ലക്ഷ്യമെന്നും ആരോപിച്ചു.
കനകപുര എം.എൽ.എ.യാണ് ബെംഗളൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ശിവകുമാർ.വൊക്കലിഗ സമുദായത്തിന് മേൽക്കൈയുള്ള ജില്ലയാണ് രാമനഗര. ഈ സമുദായത്തിൽനിന്നുള്ള നേതാവാണ് ശിവകുമാർ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമുദായത്തെ കൈയിലെടുക്കാനാണ് ജില്ലയുടെ പേരുമാറ്റ വാഗ്ദാനവുമായി അദ്ദേഹം രംഗത്തെത്തിയതെന്നാണ് സൂചന. ഇതിനെ തടയിടുകയാണ് ഇതേസമുദായത്തിൽനിന്നുള്ള മറ്റൊരു നേതാവായ എച്ച്.ഡി. കുമാരസ്വാമിയുടെ ശ്രമം.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കന്‍ കേരളത്തിന് മുകളിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് ആന്ധ്രാ തീരത്തും ചക്രവാത ചുഴി നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.