ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരം കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.രാവിലെ 7 മുതൽ രാത്രി 11 വരെയായിരിക്കും നിയന്ത്രണങ്ങൾ.ക്വീൻസ് റോഡ്, എംജി റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ്, സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ഡോ ബി ആർ അംബേദ്കർ റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
പൊതുജനങ്ങൾക്ക് ശോഭ മാൾ, സഫീന പ്ലാസ, കിംഗ്സ് റോഡ്, യു.ബി സിറ്റി പാർക്കിംഗ് സ്ഥലം, ശിവാജിനഗറിലെ ബിഎംടിസി ബസ് സ്റ്റാൻഡിന്റെ ഒന്നാം നില എന്നിവിടങ്ങളിൽ പണമടച്ച് പാർക്ക് ചെയ്യാം.കബ്ബൺ റോഡിന്റെ ബിആർവി ജംഗ്ഷനുംസ്റ്റേഡിയത്തിന്റെ ജി 7 ഗേറ്റിനു സമീപവും മാത്രമേ ടാക്സികൾക്ക് ആരാധകരെ കയറ്റാനും ഇറക്കാനും കഴിയൂ. അതേസമയം കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനു സമീപം മുതൽ മാത്രമേ ഓട്ടോകൾ സവാരിക്ക് ലഭ്യമാകുത്തുള്ളൂ.
ജെ.ഡി-എസ്- ബി.ജെ.പി സഖ്യം: കുമാരസ്വാമി ഗോവ മുഖ്യമന്ത്രിയെ കണ്ടു
ബി.ജെ.പി -ജെ.ഡി-എസ് സഖ്യം സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ജെ.ഡി-എസ് കര്‍ണാടക അധ്യക്ഷൻ എച്ച്.ഡികുമാരസ്വാമി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. മകൻ നിഖില്‍ കുമാരസ്വാമിക്കൊപ്പമായിരുന്നു പനാജിയിലെ സന്ദര്‍ശനം. സഖ്യം സംബന്ധിച്ച വെളിപ്പെടുത്തലിനുശേഷം കര്‍ണാടക ബി.ജെ.പിയിലെ നേതാക്കളുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയില്ലെന്നിരിക്കെയാണ് ഗോവ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സെപ്റ്റംബര്‍ 22ന് ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, അമിത് ഷാ എന്നിവരുമായി കുമാരസ്വാമി ചര്‍ച്ച നടത്തുമ്ബോള്‍ പ്രമോദ് സാവന്തും സന്നിഹിതനായിരുന്നു.
ഡല്‍ഹിയിലെ ചര്‍ച്ചക്കുശേഷം കുമാരസ്വാമി കര്‍ണാടകയില്‍ തിരിച്ചെത്തിയിട്ടും പിന്നീട് ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകളോ സീറ്റ് വീതംവെപ്പോ ഉണ്ടായിട്ടില്ല. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാത്തത് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മകൻ എച്ച്.ഡി. കുമാരസ്വാമിയെയും അലോസരപ്പെടുത്തുന്നുണ്ട്. സഖ്യ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമയം തേടാനാണ് കുമാരസ്വാമി പ്രമോദ് സാവന്തിനെ സമീപിച്ചതെന്നാണ് വിവരം. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ദസറ ആഘോഷങ്ങള്‍ക്കുശേഷം തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമി. ആറു സീറ്റെങ്കിലും ചോദിച്ചുവാങ്ങാനാണ് കുമാരസ്വാമി ലക്ഷ്യമിടുന്നത്.
എന്നാല്‍, നാലില്‍ കൂടുതല്‍ സീറ്റ് വിട്ടു നല്‍കാൻ കര്‍ണാടക ബി.ജെ.പി നേതൃത്വം തയാറല്ലെന്നറിയുന്നു. അതേസമയം, സഖ്യത്തിന്റെ പേരില്‍ ജെ.ഡി-എസിലും ബി.ജെ.പിയിലും ഒരുപോലെ അസ്വസ്ഥത പടരുകയാണ്. കര്‍ണാടകയിലെ നേതൃത്വത്തെ ഒഴിവാക്കി സഖ്യം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനമെടുത്തതാണ് മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് കാരണം. സഖ്യം സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ, കുമാരസ്വാമിയുമായി ചര്‍ച്ച നടത്തുമെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ല. ജെ.ഡി-എസിലാകട്ടെ സഖ്യത്തിന്റെ പേരില്‍ പൊട്ടിത്തെറിയും രൂപപ്പെട്ടു.