ബെംഗളൂരു : വിജയപുര ജില്ലയുടെപേരു മാറ്റി സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരയുടെ പേരുനൽകാൻ നീക്കം. ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് 15 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ടി. ഭൂബലൻ പറഞ്ഞു. ബസവേശ്വര ജില്ലയെന്നോ ബസവ ജില്ലയെന്നോ പേരുമാറ്റാനാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം.വിജയപുര ജില്ലയിലെ ബസവനബാഗേവാടിയിലാണ് 12-ാം നൂറ്റാണ്ടിൽ ബസവേശ്വര ജനിച്ചത്. അദ്ദേഹത്തിന് നൽകുന്ന ആദരമായാണ് ജില്ലയുടെ പേരുമാറ്റുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ചില സംഘടനകളും പ്രമുഖ വ്യക്തികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, പേരുമാറ്റത്തെ എതിർക്കുന്നവരും ഒട്ടേറെയാണ്. ഇടയ്ക്കിടെ ജില്ലയുടെ പേരുമാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. 2014- ലാണ് ജില്ലയുടെ ബിജാപുർ എന്ന പേരുമാറ്റി വിജയപുര എന്നാക്കിയത്.ബസവേശ്വരയുടെ പേരു നൽകുന്നതിൽ ദളിത് സംഘടനകളും എതിർപ്പുന്നയിച്ചിട്ടുണ്ട്. ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ജില്ലയ്ക്ക് ബസവേശ്വരയുടെ പേരുനൽകുന്നതെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. 2014-ൽ വിജയപുര എന്ന പേരു നൽകുമ്പോഴും ഭരിച്ചിരുന്നത് കോൺഗ്രസ് സർക്കാരായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായി’; മെഡിക്കല്‍ ബുള്ളറ്റിൻ
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍.അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായിരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതല്‍ രാഹുല്‍ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്.
ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുല്‍ ഡി നായര്‍. രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. 24 കാരനായ രാഹുല്‍ കാക്കനാട്ടെ സെസിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സംഭവിച്ചു. സെപ്റ്റിക് ഷോക്ക് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ പരിശോധിക്കുകയും താത്ക്കാലത്തേക്ക് അടച്ചിടാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഭക്ഷ്യ വിഷബാധയാണോയെന്ന് വ്യക്തത വരുത്തുന്നതിന് രാഹുലിന്‍റെ രക്തം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു അന്ത്യം. രക്ത പരിശോധന ഫലമോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോ വന്നെങ്കില്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയില്‍ ലേ ഹയാത്ത് ഹോട്ടലിന് പൊലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്.