Home Featured ഐ.വി.എഫില്‍ പരാജയപ്പെടുന്ന ദമ്ബതികള്‍ക്ക് കുട്ടികളെ വില്‍പന: ആറ് സ്ത്രീകള്‍ അറസ്റ്റില്‍

ഐ.വി.എഫില്‍ പരാജയപ്പെടുന്ന ദമ്ബതികള്‍ക്ക് കുട്ടികളെ വില്‍പന: ആറ് സ്ത്രീകള്‍ അറസ്റ്റില്‍

by admin

മുംബൈ: വന്ധ്യത ചികിത്സയായ ഐ.വി.എഫില്‍ പരാജയപ്പെടുന്ന ദമ്ബതികള്‍ക്ക് നവജാത ശിശുക്കളെ വില്‍ക്കുന്ന എൻ.ജി.ഒ സ്ഥാപകയടക്കം ആറ് സ്ത്രീകളെ മുംബൈ പൊലീസ് പിടികൂടി. അറസ്റ്റിലായവരില്‍ ക്ലിനിക്ക് നടത്തിപ്പുകാരിയും നവജാതശിശുവിന്റെ അമ്മയും ഉള്‍പ്പെടും.

മുഖ്യപ്രതി ജൂലിയ ലോറൻസ് ഫെര്‍ണാണ്ടസ്, ഗെയ്‌റോബി ഉസ്മാൻ ഷെയ്ഖ്, ഗുല്‍ഭാഷാ മതിൻ ഷെയ്ഖ്, സൈറാബാനു ഷെയ്ഖ്, റിന നിതിൻ ചവാൻ, ഷബാന ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജൂലിയ ലോറൻസ് ഫെര്‍ണാണ്ടസ് ദത്തെടുക്കല്‍ ഏജൻസിയായ വോര്‍ളി മഹാത്മാ ഫുലെ നഗറിലെ അഹം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ നടത്തിപ്പുകാരിയാണ്. ഇവര്‍ നേരത്തെയും സമാനരീതിയിലുള്ള കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പട്ടിണിയിലായതോടെയാണ് തെന്റ കുഞ്ഞിനെ വില്‍ക്കാൻ ശ്രമിച്ചതെന്ന് പിടിയിലായ ഷബാന ഷെയ്ഖ് പൊലീസിനോട് പറഞ്ഞു.

കുഞ്ഞുങ്ങളെ വില്‍പന നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റാക്കറ്റിനെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. പ്രതികളെ കൈയോടെ പിടികൂടാൻ, കുഞ്ഞിനെ ആവശ്യമുള്ള ദമ്ബതികളെന്ന വ്യാജേന പൊലീസ് പ്രതികളെ സമീപിക്കുകയായിരുന്നു. ഗോവണ്ടിയിലെ റഫീഖ് നഗറില്‍ സൈറാബാനു നടത്തുന്ന ക്ലിനിക്കായിരുന്നു സംഘത്തിന്റെ കേന്ദ്രബിന്ദു. ഇവിടേക്കാണ് ‘പൊലീസ് ദമ്ബതികള്‍’ ആദ്യം പോയത്. പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ആണ്‍കുട്ടിയെ വേണമെങ്കില്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും പറഞ്ഞു.

റിന നിതിൻ ചവാനാണ് ഇടപാടുകാര്‍ക്കും ജൂലിയ ലോറൻസ് ഫെര്‍ണാണ്ടസിനും ഇടയില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഒരുങ്ങുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിച്ച്‌ പ്രസവിക്കാൻ സൗകര്യമൊരുക്കിയും ദരിദ്രരായ യുവതികളുടെ കുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങിയുമാണ് ഇവര്‍ മറിച്ചുവിറ്റതെന്ന് പൊലീസ് പറയുന്നു. സൈറാബാനുവിന്റെ ക്ലിനിക്കിലായിരുന്നു ഇത്തരക്കാര്‍ക്ക് പ്രസവിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ജനന സംബന്ധമായ എല്ലാ ചെലവുകളും സംഘം വഹിക്കുകയും വില്‍പനക്കായി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്യും. സാമ്ബത്തിക പരാധീനതയുള്ള ഗര്‍ഭിണികളായ യുവതികളെ ജൂലിയ ലോറൻസിന് പരിചയപ്പെടുത്തിക്കൊടുക്കാൻ നിരവധി ഏജന്റുമാരുള്ളതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നിരവധി നിയമവിരുദ്ധ ഗര്‍ഭഛിദ്രങ്ങള്‍ അടക്കം നടത്തിയതിന് ക്ലിനിക്കിനെ തദ്ദേശസ്ഥാപനം കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി.

ഐ.വി.എഫ് കേന്ദ്രങ്ങളില്‍ ചികിത്സിച്ച്‌ പരാജയപ്പെട്ടവര്‍ക്കാണ് സംഘം കുട്ടികളെ കൈമാറിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ദത്തെടുക്കാനുള്ള മാര്‍ഗമാണെന്ന് കരുതിയാണ് മിക്കവരും ഇതില്‍ വീണതെന്നും പൊലീസ് പറയുന്നു. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group