Home Featured വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി

വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി

by admin


ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈകോടതി തള്ളി. കുപ്രസിദ്ധമായ വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി ഉത്തരവിട്ടത്. പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകള്‍ തള്ളി ജസ്റ്റിസ് പി. വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്.

നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേരും പൊലീസിലെ 84ഉം റവന്യൂ വകുപ്പിലെ അഞ്ചും ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. 2011 സെപ്റ്റംബറില്‍ ധര്‍മപുരി പ്രിൻസിപ്പല്‍ ആൻഡ് സെഷൻസ് കോടതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 269 പേര്‍ക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഇതില്‍ 54 പേര്‍ മരിച്ചു

എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ‌ സെഷൻസ് കോടതിക്ക് ജഡ്ജ് നിര്‍ദേശം നല്‍കി. ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ജോലിയും നല്‍കണമെന്നും മരണപ്പെട്ട മൂന്ന് സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍നിന്ന് ഈടാക്കണം. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.

1992 ജൂണ്‍ 20നാണ് ധര്‍മപുരി ജില്ലയിലുള്‍പ്പെട്ട വാചാതി ഗ്രാമത്തില്‍ 18 യുവതികള്‍ ബലാത്സംഗത്തിനിരയായത്. പ്രദേശത്തെ നൂറോളം പേര്‍ ക്രൂരമായ മര്‍ദനത്തിനും ഇരയായി. വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്ന് പറഞ്ഞാണ് അന്വേഷണസംഘം അന്ന് ഗ്രാമം വളഞ്ഞത്. റെയ്ഡിനെന്ന് പറഞ്ഞെത്തിയ ഉദ്യോഗസഥര്‍ 18 സ്ത്രീകളെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. എന്നാല്‍, കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. 1995ല്‍ സി.പി.എം നല്‍കിയ ഹരജി മദ്രാസ് ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group