Home Featured വരൾച്ച ; 6000 കോടിയുടെ കേന്ദ്രസഹായം തേടാൻ കർണാടകം

വരൾച്ച ; 6000 കോടിയുടെ കേന്ദ്രസഹായം തേടാൻ കർണാടകം

ബെംഗളൂരു: കേന്ദ്രത്തിൽനിന്ന് 6000 കോടിരൂപയുടെ വരൾച്ചാദുരിതാശ്വാസം തേടാൻ കർണാടകം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സമർപ്പിക്കേണ്ട റിപ്പോർട്ടിന്റെ കരട് തയ്യാറായതായി റവന്യൂവകുപ്പ് അറിയിച്ചു.അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് വിശദമായി ചർച്ചചെയ്തതിനുശേഷം ആവശ്യമായ മാറ്റങ്ങളോടെ കേന്ദ്രത്തിന് കൈമാറും. സംസ്ഥാനത്ത് ഇതുവരെ ജലദൗർലഭ്യത്തെത്തുടർന്ന് 42 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചെന്നാണ് കണക്ക്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെത്തുടർന്ന് കുടിവെള്ളപദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലാണ്.ഇതിനോടകം 195 താലൂക്കുകളെ സംസ്ഥാനം വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 161 താലൂക്കുകളിലും രൂക്ഷമായ വരൾച്ചയാണ് നേരിടുന്നത്.

ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ ആയിരക്കണക്കിന് കർഷകരാണ് വരൾച്ചയെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. കേന്ദ്രസഹായം ലഭിച്ചാൽമാത്രമേ ഇവർക്കുള്ള നഷ്ടപരിഹാരം പൂർണമായും വിതരണംചെയ്യാൻ കഴിയുകയുള്ളൂ. നിലവിൽ വായ്പ തിരിച്ചടവ് മുടങ്ങിയവർക്കെതിരേ നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കർഷകരുടെ ആശങ്കയൊഴിഞ്ഞിട്ടില്ല.

കൃഷിനാശം സംബന്ധിച്ച ആദ്യഘട്ട സർവേയനുസരിച്ചാണ് നിലവിൽ കേന്ദ്രത്തിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവേ പൂർത്തിയാകുന്നതിനുസരിച്ച് പുതിയവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അടുത്തറിപ്പോർട്ട് തയ്യാറാക്കും. സർവേ അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് റവന്യൂമന്ത്രി കൃഷ്ണ ബൈരഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group