Home ചെന്നൈ ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും വീഡിയോ കാണുകയും ചെയ്താല്‍ പണികിട്ടും; 1,000 രൂപ പിഴയും ആറുമാസം വരെ തടവും, പുതിയ നിര്‍ദേശവുമായി റെയില്‍വേ

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും വീഡിയോ കാണുകയും ചെയ്താല്‍ പണികിട്ടും; 1,000 രൂപ പിഴയും ആറുമാസം വരെ തടവും, പുതിയ നിര്‍ദേശവുമായി റെയില്‍വേ

ചെന്നൈ: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതും തടയാൻ നടപടിയുമായി ദക്ഷിണ റെയില്‍വേ.ഇയർഫോണുകള്‍ ഉപയോഗിക്കാതെ ഫോണിന്റെ സ്പീക്കറിലൂടെ പാട്ടുകളും വീഡിയോകളും കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും യാത്രക്കാർക്ക് ശല്യമാകുന്ന സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കി.സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്‌ട് പ്രകാരം ഭേദഗതി ചെയ്ത റെയില്‍വേ നിയമത്തിലെ സെക്ഷൻ 145(2)(a) അനുസരിച്ചായിരിക്കും നടപടിയെന്നാണ് അറിയിപ്പ്.

ട്രെയിനിനുള്ളില്‍ മാത്രമല്ല, പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പരിസരങ്ങളിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഉച്ചത്തില്‍ പാട്ടുവെക്കുക, വീഡിയോകള്‍ കാണുക, സ്പീക്കർ മോഡില്‍ സംസാരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഇതിന്റെ പരിധിയില്‍ വരും.നിയമലംഘനം നടത്തുന്നവർക്ക് 1,000 രൂപ പിഴ ചുമത്താനും റെയില്‍വേ പരിസരത്തുനിന്ന് പുറത്താക്കാനും കഴിയുമെന്നാണ് മുന്നറിയിപ്പ്. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച്‌ ശല്യം തുടരുന്നവർക്കെതിരെ കൂടുതല്‍ കർശനമായ നിയമനടപടികളും സ്വീകരിക്കും.കുറ്റത്തിന്റെ സ്വഭാവമനുസരിച്ച്‌ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കോടതിയില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു.ട്രെയിൻ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരുടെ സൗകര്യവും സ്വകാര്യതയും പരിഗണിക്കണമെന്ന് റെയില്‍വേ യാത്രക്കാരോട് അഭ്യർഥിച്ചു. ഇയർഫോണ്‍ ഉപയോഗിച്ചും ഫോണിന്റെ ശബ്ദം നിയന്ത്രിച്ചും യാത്ര ചെയ്യുന്നത് അനാവശ്യ തർക്കങ്ങളും നിയമനടപടികളും ഒഴിവാക്കാൻ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group