Home കർണാടക പുതിയ വീടിന് പെയിന്റടിക്കാൻ വന്ന യുവാവുമായി പ്രണയം; ഭര്‍ത്താവിന്റെ കൊലപാതകം റോഡപകടമാക്കാൻ ശ്രമിച്ചെന്ന് പൊലീസ്

പുതിയ വീടിന് പെയിന്റടിക്കാൻ വന്ന യുവാവുമായി പ്രണയം; ഭര്‍ത്താവിന്റെ കൊലപാതകം റോഡപകടമാക്കാൻ ശ്രമിച്ചെന്ന് പൊലീസ്

ബംഗളൂരു :കർണാടകയിലെ വിജയപുര ജില്ലയില്‍ ഭർത്താവിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ ശേഷം അപകടമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന കേസില്‍ ഭാര്യയടക്കം നാല് പേർ അറസ്റ്റില്‍.42കാരനായ രാജശേഖർ ബിരാദറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അശ്വിനി ബിരാദർ (30), ആണ്‍സുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന ആനന്ദ് കല്ലൂർ (25), സച്ചിൻ ബദല്ലി (24), പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് വിജയപുര നഗരത്തിലെ ചിദംബര ക്ഷേത്ര റോഡിന് സമീപമാണ് രാജശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസിന്റെ സംശയം.

ഭർത്താവിന്റെ മരണത്തില്‍ അശ്വിനിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. നമ്പർ പ്ലേറ്റില്ലാത്ത കറുത്ത സ്കോർപിയോയും ഒരു ബൈക്കും സംഭവസ്ഥലത്തുകൂടി കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടർന്ന് ബൈക്ക് യാത്രക്കാരനെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ഗൂഢാലോചന വിവരങ്ങള്‍ പുറത്തുവന്നതായാണ് പൊലീസ് പറയുന്നത്.രാജശേഖറും അശ്വിനിയും വിവാഹിതരായിട്ട് ഏകദേശം പത്തുവർഷമായി. ആറുവയസ്സുള്ള ഇരട്ട ആണ്‍മക്കളുമുണ്ട്. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളെച്ചൊല്ലി തർക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.ഏഴുമാസം മുമ്പാണ് രാജശേഖർ ഏകതാ നഗറില്‍ പുതിയ വീട് നിർമിച്ചത്. വീടിന് പെയിന്റടിക്കാനായി ആനന്ദ് കല്ലൂരിനെ ജോലിക്കെടുത്തു. ഇതിനിടെ ആനന്ദും അശ്വിനിയും പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഭർത്താവിനെ ഒഴിവാക്കാൻ അശ്വിനി പദ്ധതിയിട്ടെന്നും ഇക്കാര്യം ആനന്ദുമായി ചർച്ച ചെയ്തെന്നുമാണ് പൊലീസിന്റെ ആരോപണം. രാവിലെ നടക്കാൻ പോകുന്ന രാജശേഖറിന്റെ പതിവിനെക്കുറിച്ചുള്ള വിവരങ്ങളും അശ്വിനി കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.സംഭവദിവസം പുലർച്ചെ രാജശേഖർ നടക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങി. ഈ സമയം ആനന്ദും കൂട്ടാളികളും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്.തുടർന്ന് നമ്പർ പ്ലേറ്റില്ലാത്ത കറുത്ത സ്കോർപിയോ ഉപയോഗിച്ച്‌ പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് കേസ്.കൊലപാതകം വാഹനാപകടമായി തോന്നിപ്പിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group