ഏറെ കാലമായി കാത്തിരിക്കുന്ന ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആകുമിത്. ബെംഗളൂരുവിലെ എസ്‌എംവിബി സ്റ്റേഷനില്‍ നിന്നാകും ട്രെയിന്‍ മുംബൈയിലെ സിഎസ്‌എംടി സ്റ്റേഷനിലേക്ക് പുറപ്പെടുക. നേരത്തെ കെഎസ്‌ആര്‍ ബെംഗളൂരു സിറ്റി റെയില്‍വെ സ്റ്റേഷനില്‍ നിന്നാകും ട്രെയിന്‍ പുറപ്പെടുക എന്നായിരുന്നു വിവരം.കര്‍ണാടക പിറവി ദിനമാണ് നവംബര്‍ ഒന്ന്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകും. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് 7.50ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പകല്‍ 11.55ന് മുംബൈയില്‍ എത്തുന്ന വിധത്തിലാകും സര്‍വീസ് എന്നാണ് കരുതുന്നത്.
മുംബൈയില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പകല്‍ 11.55ന് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന വിധത്തിലാകും മടക്ക യാത്ര.എന്നാല്‍ യാത്രയുടെ സമയം, ടിക്കറ്റ് നിരക്ക്, റൂട്ട് എന്നിവ ഔദ്യോഗികമായി റെയില്‍വെ പ്രഖ്യാപിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവരുന്നത്. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസുണ്ടാകുമെന്നാണ് മണികണ്‍ട്രോള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1118 കിലോമീറ്റര്‍ ദൂരമാണ് ബെംഗളൂരുവിനും മുംബൈക്കുമിടയിലുള്ളത്. ഇതിന് 16 മണിക്കൂര്‍ യാത്രയാണ് വന്ദേഭാരത് സ്ലീപ്പറില്‍ പ്രതീക്ഷിക്കുന്നത്.കല്യാണ്‍, പൂനെ, സോളാപൂര്‍, കലബുറുഗി, റായ്ചൂര്‍, ഗുണ്ടകല്‍, ആനന്ദ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ശരാശരി 70 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ്. നിലവില്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദ്യാന്‍ എക്‌സ്പ്രസ് 22 മണിക്കൂറിലാണ് യാത്ര അവസാനിപ്പിക്കുന്ത്. 52 കിലോമീറ്റര്‍ വേഗതയിലാണ് ഉദ്യാന്‍ എക്‌സ്പ്രസിന്റെ യാത്ര.റോഡ് മാര്‍ഗം മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ 984 കിലോമീറ്റര്‍ ദൂരമണ് പിന്നിടേണ്ടത്. ഏകദേശം 17 മണിക്കൂറില്‍ താഴെയാണ് ഈ യാത്രയ്ക്ക് വേണ്ടത്.
അതിനേക്കാല്‍ വേഗത്തില്‍ വന്ദേഭാരത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, രാത്രിയാണ് യാത്ര എന്നതും സൗകര്യമാണ്. 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പറില്‍ 823 പേര്‍ക്ക് സഞ്ചരിക്കാം. 11 എസി ത്രീ ടയര്‍ കോച്ചുകള്‍, നാല് എസി ടു ടയര്‍ കോച്ചുകള്‍, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണുണ്ടാകുക.എസി ത്രീടയര്‍ കോച്ചിലെ യാത്രയ്ക്ക് 2684 രൂപ ടിക്കറ്റ് നിരക്ക് വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടു ടയര്‍ കോച്ചിലെ യാത്രയ്ക്ക് 3466 രൂപയാകും ടിക്കറ്റ് നിരക്ക്. ഫസ്റ്റ് ക്ലാസ് എസിയില്‍ 4250 രൂപയും. ഉദ്യാന്‍ എക്‌സ്പ്രസില്‍ ഇത് യഥാക്രമം 1475 രൂപ, 2100 രൂപ, 3520 രൂപ എന്നിങ്ങനെയാണ് നിരക്ക്. എന്നാല്‍ റെയില്‍വെ ഔദ്യോഗികമായി ഇതുവരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. സര്‍വീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വേളയില്‍ ടിക്കറ്റ് നിരക്കും അറിയിക്കും.