ബംഗളൂരു: കര്‍ണാടകയില്‍ ഓപ്പറേഷൻ താമര നടപ്പാക്കുമെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും ബി.ജെ.പി നേതാവും കര്‍ണാടക മുൻ മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവമോഗയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി എം.എല്‍.എമാര്‍ അവര്‍ക്കൊപ്പം ചെരുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. പക്ഷേ ഇതുവരെ ഒരു ബി.ജെ.പി നേതാവും കോണ്‍ഗ്രസിലേക്ക് പോയില്ല. കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഒരു എം.എല്‍.എയെ എങ്കിലും പാര്‍ട്ടിയിലേക്ക് കൊണ്ടുപോകു എന്ന് വെല്ലുവിളിച്ച ഈശ്വരപ്പ, കര്‍ണാടകയില്‍ മറ്റൊരു ഓപ്പറേഷൻ ലോട്ടസ് ഉണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പു നല്‍കുന്നെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ ഐക്യമില്ലെന്നാരോപിച്ച് 17 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയെ സമീപിച്ചു. അവര്‍ സര്‍ക്കാരിന്റെ രീതികളില്‍ അതൃപ്തരാണ്. അവര്‍ ഉടൻ കാവി ക്യാമ്ബില്‍ എത്തും. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടെന്നും അതു പരിഹരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തന്നെ സമ്മതിച്ചതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ട്. അഴിമതി സര്‍ക്കാരാണിതെന്നും ഈശ്വരപ്പ ആരോപിച്ചു. 2019ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചത് ഓപ്പറേഷൻ താമരയിലൂടെയായിരുന്നു. 17 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ സഖ്യ സര്‍ക്കാര്‍ വീഴുകയായിരുന്നു. പള്ളികള്‍ പൊളിച്ച് ക്ഷേത്രം നിര്‍മ്മിക്കുമെന്ന ഈശ്വപ്പയുടെ പരാമര്‍ശം മുമ്ബ് വിവാദമായിരുന്നു.