ബംഗളൂരു: മലനാട് മേഖലയിലെ പ്രധാന കേന്ദ്രമായ ശിവമൊഗ്ഗയിലെ കുവെമ്ബു വിമാനത്താവളത്തില്‍നിന്ന് ആദ്യ വാണിജ്യ സര്‍വിസിന് ആരംഭം. വ്യാഴാഴ്ച ബംഗളൂരുവില്‍നിന്നുള്ള ആദ്യ ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെ 10.55ന് ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ റണ്‍വേയിലിറങ്ങി. 9.55നാണ് 72 സീറ്റുള്ള വിമാനം ബംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്.
അടിസ്ഥാന സൗകര്യവികസന മന്ത്രി എം.ബി. പാട്ടീല്‍, ബി.ജെ.പി നേതാക്കളായ ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്ര, ശിക്കാരിപുര എം.എല്‍.എ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മുൻ മന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, അരഗ ജ്ഞാനേന്ദ്ര എം.എല്‍.എ എന്നിവര്‍ കന്നിയാത്രയില്‍ പങ്കുചേര്‍ന്നു.
ശിവമൊഗ്ഗയിലേക്ക് വിമാന സര്‍വിസ് ആരംഭിച്ചതോടെ വ്യവസായ, സാമ്ബത്തിക, വിനോദ സഞ്ചാര, വിദ്യാഭ്യാസ മേഖലകളില്‍ മലനാട് മേഖലക്ക് വളര്‍ച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു. ഡല്‍ഹി, ചെന്നൈ, ഗോവ, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശിവമൊഗ്ഗയില്‍ വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമങ്ങള്‍ നടത്തിയ ബി.എസ്. യെദിയൂരപ്പയെ അദ്ദേഹം പ്രശംസിച്ചു.
അതേസമയം, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ആറു മാസങ്ങള്‍ക്കുശേഷമാണ് ശിവമൊഗ്ഗയില്‍ വിമാനമിറങ്ങുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി തട്ടിക്കൂട്ടിയ ചടങ്ങില്‍ ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ കൂടിയായിരുന്നു എണ്‍പതാം പി
റന്നാള്‍ കൂടിയായിരുന്നു ആ ദിവസം. ആദ്യ സര്‍വിസ് നിലം തൊടുന്നത് കാണാൻ വിമാനത്താവളത്തിന് ചുറ്റും കൗതുകപുര്വം നാട്ടുകാര്‍ എത്തിയിരുന്നു.
450 കോടി ചെലവിട്ടാണ് 779 ഏക്കറില്‍ ശിവമൊഗ്ഗ വിമാനത്താവളം ഒരുക്കിയത്. മണിക്കൂറില്‍ 300 യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന സംവിധാനങ്ങളാണ് ശിവമൊഗ്ഗ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ചിക്കമഗളൂരു, ഹാസൻ അടക്കമുള്ള മലനാട് ജില്ലകള്‍ക്കും ദാവൻകരെ, ചിത്രദുര്‍ഗ അടക്കമുള്ള മധ്യകര്‍ണാടകയിലെ ജില്ലകള്‍ക്കും കിറ്റൂര്‍ കര്‍ണാടകയിലെ ഹാവേരി ജില്ലക്കും ഈ വിമാനത്താവളം പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. കര്‍ണാടക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിമാനത്താവളം കൂടിയാണിത്.
തക്കാളി വില കുത്തനെ താഴേക്ക് !
ബംഗളൂരു: കിലോക്ക് 150 രൂപക്ക് മുകളിലേക്ക് കുതിച്ച തക്കാളി വില ദക്ഷിണേന്ത്യന്‍ വിപണികളില്‍ കുത്തനെ താഴേക്ക് വരുന്നു. പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കര്‍ഷകര്‍ നല്‍കുന്നത്. വാര്‍ത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാര വിപണിയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോ എട്ടു രൂപ മുതല്‍ 14 രൂപ വരെയാണ് തക്കാളി വില. ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയായ കോലാര്‍ എ.പി.എം.സിയിലെ വ്യാപാരികളും മൊത്തവില കുറഞ്ഞതായി വിവരം നല്കി.
നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും തക്കാളി വ്യാപാരിയായ ശ്രീനാഥ് പറഞ്ഞു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്പന്നങ്ങള് കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്.
മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ ദീപാവലിയോടനുബന്ധിച്ച് വില ഉയരുമെന്ന് പ്രത്യാശിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.