Home Featured ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും എടുത്തുമാറ്റാതെ അനധികൃതബാനറുകൾ

ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും എടുത്തുമാറ്റാതെ അനധികൃതബാനറുകൾ

by admin

ബെംഗളൂരു: ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും നഗരത്തിൽ അനധികൃതമായി ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു. രാഷ്ട്രീയ പാർട്ടികളാണ് റോഡരികിലും കവലകളിലും അനധികൃതമായി ബാനറുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്. ബാനറുകൾ നീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിനും ബി.ബി.എം.പി.ക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇത് വകവെക്കാതെ ലംഘനം തുടരുകയാണ്.തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്ത ‘ഇന്ദ്രധനുഷ് 5.0’ കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് ഓസ്റ്റിൻ ടൗണിൽ ഒട്ടേറെ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച കുറച്ച് ബാനറുകൾ നീക്കിയെങ്കിലും ഇനിയും ബാക്കിയുണ്ട്. യാത്രക്കാരുടെ കാഴ്ചമുടക്കുന്ന വിധത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന തരത്തിലാണ് ചിലബാനറുകൾ സ്ഥാപിച്ചത്. കാൽനടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അനധികൃത ബാനറുകൾക്കെതിരേ സ്വീകരിച്ച നടപടി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിന് നൽകിയ നിർദേശം. ഓരോ അനധികൃത ബാനറിനും 50,000 രൂപ വീതം പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിൽ ഫ്ലെക്സുകളും ബാനറുകളും നിരോധിച്ച് 2018-ൽ ഹൈക്കോടതി ഉത്തരവിറക്കിയിട്ടും ലംഘനം തുടർന്നതിനെത്തുടർന്നാണ് അടുത്തിടെ കോടതി വീണ്ടും ഇടപെട്ടത്. റോഡിലുടനീളം ഫ്ളെക്സുകൾ സ്ഥാപിക്കുന്നത് ബെംഗളുരുവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും കോടതി വിലയിരുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group