ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ വൻതുക മാറ്റിവെച്ചതിനാൽ ഈ വർഷം വികസനപ്രവർത്തനങ്ങൾക്ക് പണം അനുവദിക്കില്ലെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദമായി.
അഞ്ച് തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനായിമാത്രം സർക്കാർ 40,000 കോടിരൂപ മാറ്റിവെച്ചെന്നും സാഹചര്യം ചർച്ചചെയ്യാൻ എം.എൽ.എ.മാരുമായി യോഗം ചേരുമെന്നുമാണ് ശിവകുമാർ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് ജോലികൾക്കും ജലസേചനപദ്ധതികൾക്കും പണം അനുവദിച്ചിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകൾ വലുതാണെന്നും എം.എൽ.എ.മാരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
മണ്ഡലങ്ങളിലെ വികസനപ്രവർത്തനത്തിന് പണം ലഭിക്കുന്നില്ലെന്നാരോപിച്ച് ചില കോൺഗ്രസ് എം.എൽ.എ.മാരുടെപേരിൽ പുറത്തുവന്ന കത്തിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രസ്താവന. കത്ത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ആർ. പാട്ടീൽ ഉൾപ്പെടെ 11 എം.എൽ.എ.മാരുടെപേരിലാണ് കത്ത് പുറത്തുവന്നത്. താൻ കത്തെഴുതിയിട്ടില്ലെന്നും ഇത് ബി.ജെ.പി.യുടെ സൃഷ്ടിയാണെന്നും അന്വേഷണംവേണമെന്നും പാട്ടീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവകുമാറിന്റെ പരാമർശത്തിനെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തി. കർണാടകത്തിൽ വികസനം നടക്കുന്നില്ലെന്നും അധികാരദാഹിയായ കോൺഗ്രസിന് വാഗ്‌ദാനങ്ങൾ നടപ്പാക്കാനും വികസനത്തിനും പണമില്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. കോൺഗ്രസ് കർണാടകത്തെ നശിപ്പിക്കുമെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഇപ്പോൾ വികസനവും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ സർക്കാർ സ്കൂൾഹോസ്റ്റലിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊപ്പ താലൂക്കിലെ നർവെ സ്വദേശി അമൂല്യ (14)യാണ് മരിച്ചത്. കൊപ്പ ഹരന്ദൂരിലെ സർ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കുളിമുറിയുടെ ഭാഗത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുള്ളതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. കൊപ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമൂല്യയുടെകൂടെ ഹോസ്റ്റലിൽ താമസിക്കുന്നവരുടെയും മറ്റു സുഹൃത്തുക്കളുടെയും മൊഴിയെടുത്തുവരുകയാണ്.