Home Featured ബംഗളൂരുവില്‍ പുലിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ പുലിയുടെ ആക്രമണത്തില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

by admin

ബംഗളൂരു : ചാമരാജ് നഗറിലും മൈസൂരുവിലും പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇരു സംഭവങ്ങളിലുമായി ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാമരാജനഗര്‍ ഹനുര്‍ കഗ്ഗലഗുണ്ഡി ഗ്രാമത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാമു-ലതിക ദമ്ബതികളുടെ മകള്‍ സുശീലയാണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കവെ പെണ്‍കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 200 മീറ്ററോളം കുട്ടിയുമായി പുലി ഓടി. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി പുലിക്കു പിന്നാലെ പാഞ്ഞു. ഒടുവില്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച്‌ കാട്ടിലേക്ക് മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സോളിഗ ആദിവാസി വിഭാഗത്തില്‍പെടുന്നതാണ് സുശീലയുടെ കുടുംബം. സംഭവത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച വനം മന്ത്രി ഈശ്വര്‍ ഖാന്ത്രെ, സുശീലയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രതിമാസം 4000 രൂപ വീതം നല്‍കാനും ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു.

മൈസൂരു ജില്ലയില്‍ ഹുൻസൂര്‍ താലൂക്കിലെ രാമനഹള്ളിയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ യുവകര്‍ഷകനാണ് പരിക്കേറ്റത്. പരിക്കേറ്റ കുമാര ചരിയെ (29) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമമേളയില്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയപ്പോഴാണ് യുവാവിനെ പുലി ആക്രമിച്ചത്. സമീപത്തെ മലയില്‍നിന്ന് ഗ്രാമത്തിലേക്ക് കടന്ന പുള്ളിപ്പുലി യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

ആക്രമണത്തില്‍ യുവാവിന്റെ വലത് തോളിനും കാല്‍മുട്ടുകള്‍ക്കും പരിക്കേറ്റു. ഇയാള്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി പുലിക്കായി തിരച്ചില്‍ ആരംഭിച്ചു. പുലിയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group