ബെംഗളൂരു: എൻജിനിയറിങ് സേവനകമ്പനിയായ ടാറ്റാ ടെക്നോളജീസ് കർണാടകത്തിൽ രണ്ടായിരം കോടിരൂപയുടെ നിക്ഷേപം നടത്തും. മൂന്ന് കോമൺ എൻജിനിയറിങ് ഫെസിലിറ്റീസ് സെന്ററുകൾ (സി.ഇ.എഫ്.സി.) സ്ഥാപിക്കാനാണ് പദ്ധതി. കമ്പനിയുടെ പ്രതിനിധികൾ ബുധനാഴ്ച വ്യവസായ മന്ത്രി എം.ബി. പാട്ടീലിനെ സന്ദർശിച്ച് പദ്ധതിനിർദേശം സമർപ്പിച്ചു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ 70 ശതമാനം ചെലവ് ടാറ്റാ ടെക്നോളജി വഹിക്കുമ്പോൾ 30 ശതമാനം സർക്കാർ വഹിക്കും. ഓരോ കേന്ദ്രങ്ങളും 630 കോടി രൂപ ചെലവിലാണ് സ്ഥാപിക്കുക. ഓരോ കേന്ദ്രങ്ങളും സ്ഥാപിക്കാൻ അഞ്ച് ഏക്കർ സ്ഥലം വീതം അനുവദിക്കും. ഇതിനുള്ള തീരുമാനം അടുത്തദിവസങ്ങളിൽ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കനത്ത മഴയിൽ മൂന്നുകോടിയിലധികം രൂപയുടെ നാശനഷ്ടം
മംഗളൂരു: രണ്ടുദിവസമായി ദക്ഷിണ കന്നഡയിൽ മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ചുപേർ മരിച്ചു. മൂന്നുകോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ റവന്യൂവകുപ്പധികൃതർ കണക്കാക്കിയത്.
ഉള്ളാളിലെ പിലാർ സ്വദേശി സുരേഷ് ഗാട്ടി, ബാഗൽകോട്ട് സ്വദേശി സന്തോഷ്, മൂഡബിദ്രി സ്വദേശി നിരഞ്ജൻ, ബണ്ട്വാൾ സ്വദേശി സറീന, സുള്ള്യ സ്വദേശി നാരായണ എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം നഷ്ടപരിഹാരമായി നൽകി. ജില്ലയിൽ 27 വീടുകൾ പൂർണമായും 83 വീടുകൾ ഭാഗികമായും തകർന്നു. 300-ലേറെ വൈദ്യുതത്തൂണുകൾ, വൈദ്യുതിവിതരണ കമ്പികൾ, 50 ട്രാൻസ്ഫോർമറുകൾ എന്നിവയും തകർന്നിട്ടുണ്ട്. പൂർണമായും തകർന്ന വീടുകളുടെ ഉടമകൾക്ക് 1.2 ലക്ഷം രൂപയും ഭാഗികമായി തകർന്ന വീടുകളുടെ ഉടമകൾക്ക് 6500 രൂപയും നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.