ബെംഗളൂരു: റായ്ച്ചൂരിലെ സർക്കാർ സ്കൂളിൽ പല്ലിവീണുചത്ത ഭക്ഷണം കഴിച്ച് 123 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. അപ്പനദൊഡ്ഡിയിലെ സർക്കാർ പ്രൈമറി സ്കൂളിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച ഉച്ചയ്ക്ക് തയ്യാറാക്കിയ ഉപ്പുമാവ് കഴിച്ച വിദ്യാർഥികൾക്കാണ് വയറിളക്കവും ഛർദിയും മറ്റുശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്.ഇവരെ വൈകീട്ടോടെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
അഞ്ചുവിദ്യാർഥികളൊഴികെ മറ്റെല്ലാവരേയും പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.അഞ്ചുവിദ്യാർഥികൾ നിരീക്ഷണത്തിലാണെങ്കിലും ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഭക്ഷണത്തിൽ നടത്തിയ പരിശോധനയിലാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉപ്പുമാവ് പാകമായശേഷം ചൂടാറാൻ തുറന്നുവെച്ചപ്പോഴാണ് പല്ലി ഇതിലേക്ക് വീണതെന്നാണ് നിഗമനം.
സംഭവത്തിൽ സ്കൂളിലെ പാചകത്തൊഴിലാളികൾക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.റായ്ച്ചൂർ റൂറൽ എം.എൽ.എ. ബസനഗൗഡ ദഡ്ഡാലും വിദ്യാഭ്യാസവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്കൂൾ സന്ദർശിച്ചു.സ്കൂളുകളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യധാന്യവും പാചകത്തിനൊരുക്കിയ മറ്റ് സംവിധാനങ്ങളും നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ. എസ്. ബോസ്രാജു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മദ്യലഹരിയില്‍ റോഡില്‍ കിടന്ന യുവാവിനെ കാര്‍ ഇടിച്ചു; ആക്സിലിനുള്ളില്‍ കാല്‍കുരുങ്ങി; വേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍
മദ്യലഹരിയില്‍ റോഡില്‍ കിടന്ന യുവാവിന്റെ മുകളിലൂടെ കാര്‍ കയറി. കാറിന്റെ ടയറിനുള്ളില്‍ കാല് കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് ഏറെ നേരത്തെ ശ്രമത്തിന് ശേഷം രക്ഷിച്ചു.യുവതി ഓടിച്ച കാറിനടിയിലാണ് യുവാവ് കുടുങ്ങിയത്. തിരുവനന്തപുരം നേമത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം. വെള്ളായണി സ്വദേശി സിജിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ നേമം ഭാഗത്തെ വീതി കുറഞ്ഞ റോഡിലൂടെ കാര്‍ ഓടിച്ചുവരികയായിരുന്നു യുവതി. ഒരു വളവിലെത്തിയപ്പോള്‍ കാറിന്റെ അടിയില്‍ എന്തോ കുടുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ട ഉടനെ കാര്‍ നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ ടയറിനടിയില്‍ ഒരാള്‍ കുടുങ്ങി പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ അവര്‍ സമീപവാസികളെ വിളിച്ചുവരുത്തി. അവര്‍ ഏറെ നേരം ശ്രമിച്ചിട്ടും യുവാവിനെ പുറത്ത് എടുക്കാനായില്ല. തുടര്‍ന്ന് തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ഫയര്‍ഫോഴ്സ് യൂണിറ്റിനെ അറിയിച്ചു. അവര്‍ എത്തിയപ്പോള്‍ ടയറിനടിയില്‍ യുവാവിന്റെ കാല് കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. കാല് ആക്സിലിനുള്ളിലേക്ക് കുടുങ്ങിപ്പോയ നിലയിലായിരുന്നു. കാര്‍ ഉയര്‍ത്തിനിര്‍ത്തിയ ശേഷം ടയര്‍ ഊരിയെടുത്ത് കാല് സാവാധാനം വിടുവിച്ച് എടുത്തപ്പോള്‍ കാല് ഒടിഞ്ഞ് ആക്സിലില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. ഉടന്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാലിനേറ്റ സാരമായ പരിക്കൊഴിച്ചാല്‍ മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.