ബെംഗളൂരു: സംസ്ഥാനത്തെ പ്രധാനനഗരമായ ബെംഗളൂരുവിനേയും ധാർവാഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ഏറ്റെടുത്ത് യാത്രക്കാർ.ചൊവ്വാഴ്ച രാവിലെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയശേഷം ആദ്യ അരമണിക്കൂറിനുള്ളിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ബുധനാഴ്ച മുതലാണ് വന്ദേഭാരത് സാധാരണ സർവീസ് തുടങ്ങുന്നത്. 6.35 മണിക്കൂറാണ് ധാർവാഡിൽ നിന്ന് ബെംഗളൂരുവിലെത്താൻ വന്ദേഭാരതിന് ആവശ്യമായ സമയം. മറ്റു തീവണ്ടികൾ എട്ടുമുതൽ 10 മണിക്കൂർ വരെയെടുക്കുന്ന സ്ഥാനത്താണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഓൺലൈനായാണ് ധാർവാഡ് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ഇതേസമയം ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ്ലോത്, കേന്ദ്രമന്ത്രി പ്രഹ്ലാദ്ജോഷി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ടവരായിരുന്നു വന്ദേഭാരതിലെ ആദ്യയാത്രക്കാർ.ഗവർണർ താവർചന്ദ് ഗഹ്ലോതും പ്രഹ്ലാദ് ജോഷിയും ധാർവാഡ് മുതൽ ഹുബ്ബള്ളിവരെ യാത്രചെയ്തു.
വന്ദേഭാരത് തീവണ്ടികൾ രാജ്യത്തിന്റെ അഭിമാനമാണെന്നും മറ്റ് മേഖലകളിൽ കൂടി ഇത്തരം അഭിമാന സംവിധാനങ്ങളൊരുക്കാൻ യുവജനങ്ങൾ പ്രയത്നിക്കണമെന്നും ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ്ലോത് പറഞ്ഞു. ബെലഗാവിയിൽനിന്ന് സംസ്ഥാനത്തെ മൂന്നാമെത്ത വന്ദേഭാരത് എക്സ്പ്രസ് ഉടൻ ഓടിത്തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.അതേസമയം, ധാർവാഡ്- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുള്ള പ്രദേശമാണ് ധാർവാഡ്. ഐ.ടി. നഗരമായ ബെംഗളൂരുവുമായുള്ള യാത്രാദൂരം കുറയുന്നത് വ്യവസായികൾക്കും ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും ആശ്വാസമാകും.ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയപ്പോൾ ധാർവാഡിൽനിന്നും തീവണ്ടി സർവീസ് തുടങ്ങണമെന്ന ആവശ്യവുമായി വ്യവസായികൾ റെയിൽവേയെ സമീപിച്ചിരുന്നു.
തക്കാളി വില കുതിക്കുന്നു.ഇനിയും ഉയർന്നേക്കും
തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ച് ഉയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107 – 110ലേക്ക് ഉയർന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപ ആയിരുന്നു തക്കാളിയുടെ ചില്ലറ വില.ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയർന്ന വിലക്ക് കാരണം. ഇനിയും വില ഉയരും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
ഇതര സംസ്ഥാനത്തെ മഴയാണ് പ്രധാന പ്രശ്നം. കനത്ത മഴയാണ് തമിഴ്നാട്ടിൽ. ഉത്പാദനം കുറഞ്ഞതും വില വർധനക്ക് ഇടയാക്കിയിട്ടുണ്ട്. മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ട് ഉണ്ടെങ്കിലും തക്കാളി വിലയാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.