Home Featured വര്‍ഗീയക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ദൗത്യസംഘം; ആന്‍റി കമ്മ്യൂണല്‍ വിങ്ങുമായി കര്‍ണാടക

വര്‍ഗീയക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ദൗത്യസംഘം; ആന്‍റി കമ്മ്യൂണല്‍ വിങ്ങുമായി കര്‍ണാടക

ബംഗളൂരു: വര്‍ഗീയക്കേസുകള്‍ കൈകാര്യം ചെയ്യാൻ ആന്റി കമ്മ്യൂണല്‍ വിങ്ങിന്(എ.സി.ഡബ്ല്യു) രൂപംനല്‍കി കര്‍ണാടക സര്‍ക്കാര്‍.സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായ ദക്ഷിണ കന്നഡയിലാണ് പൊലീസിനു കീഴില്‍ പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്. കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് എ.സി.ഡബ്ല്യു രൂപീകരിക്കാൻ നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസം മുൻപ് എ.സി.ഡബ്ല്യുവിന് രൂപംനല്‍കിയിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ അറിയിച്ചു.

അടുത്തിടെ മംഗളൂരുവില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ആന്റി കമ്മ്യൂണല്‍ വിങ് ആരംഭിക്കുമെന്ന് ജി. പരമേശ്വര പ്രഖ്യാപിച്ചത്. സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഇൻസ്‌പെക്ടര്‍ ശരീഫ് ആണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എ ഹെഗ്‌ഡെ വിങ്ങിന്റെ മേല്‍നോട്ടം വഹിക്കും. സംഘത്തില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരിട്ട് പൊലീസ് കമ്മിഷണര്‍ക്ക് കൈമാറുമെന്നും കുല്‍ദീപ് കുമാര്‍ ജെയിൻ അറിയിച്ചു. എ.സി.ഡബ്ല്യു ആയിരിക്കും വര്‍ഗീയമായ എല്ലാ കേസുകളും കൈകാര്യം ചെയ്യുകയെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ കുറ്റാരോപിതരായ ആളുകളുടെ പ്രവര്‍ത്തര്‍ത്തനം നിരീക്ഷിക്കും. കേസുകളില്‍ ഇരകള്‍ക്കു വേണ്ട സംരക്ഷണം നല്‍കും. നിലവില്‍ കോടതിക്കു മുന്നിലുള്ള സമാനമായ കേസുകളും വിങ് പരിശോധിക്കുമെന്നും കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 200 കേസുകള്‍ സംഘം പരിശോധിക്കും.

വര്‍ഗീയ സംഘര്‍ഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം, മോറല്‍ പൊലീസിങ്, പശുക്കടത്ത് തുടങ്ങിയ കേസുകളെല്ലാം എ.സി.ഡബ്ല്യു അന്വേഷിക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകള്‍ എ.സി.ഡബ്ല്യുവിന് കൈമാറും. തുടര്‍ന്ന് സംഘമാണ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും മംഗളൂരു പൊലീസ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ മുൻ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഇന്നലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ.ബി ഹെഡ്‌ഗെവാര്‍, വി.ഡി സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള സ്‌കൂള്‍ പാഠഭാഗങ്ങള്‍ നീക്കംചെയ്യാനും മന്ത്രിസഭാ തീരുമാനം വന്നിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group