ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാതയിൽ അടുത്തമാസം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 2.5 കിലോമീറ്റർ പാതയിൽ ഈ മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തും. മെട്രോ നിർമാണത്തിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ശിവകുമാർ. കെങ്കേരി–ചല്ലഘട്ട പാത ഓഗസ്റ്റിലും നാഗസന്ദ്ര–മാധവാര പാത ഒക്ടോബറിലും തുറന്നുകൊടുക്കും.
ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ബൊമ്മസന്ദ്ര–ആർവി റോഡ് പാതയുടെ നിർമാണം നവംബറിൽ പൂർത്തിയാകും. കല്ലേന അഗ്രഹാര–നാഗവാര പാത 2025 ഡിസംബറിലും കെആർപുരം–കെംപെഗൗഡ വിമാനത്താവളം, ഔട്ടർ റിങ് റോഡിലൂടെയുള്ള സിൽക്ക്ബോർഡ്– കെആർപുരം പാതകളുടെ നിർമാണം 2026 ജൂണിലും പൂർത്തിയാകും. മെട്രോ മൂന്നാംഘട്ടത്തിലുൾപ്പെടുന്ന ജെപി നഗർ ഫോർത്ത് ഫെയ്സ്– കെംപാപുര, ഹൊസഹള്ളി–കദംബഗരെ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. സർജാപുര– ഹെബ്ബാൾ പാതയുടെ നിർമാണത്തിനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്.