ബെംഗളൂരു: സംസ്ഥാനത്ത് വേനൽമഴയിൽ ഇതുവരെ 52 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങൾവീണും ഇടിമിന്നലേറ്റും വെള്ളത്തിൽ മുങ്ങിയുമാണ് ഇത്രയും മരണങ്ങളുണ്ടായതെന്നും പറഞ്ഞു.മഴക്കാലമെത്തുന്നത് മുമ്പിൽക്കണ്ട് ദുരന്തനിവാരണ പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്യാൻ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജില്ലാപഞ്ചായത്ത് സി.ഇ.ഒ.മാരുടെയും യോഗം വീഡിയോ കോൺഫറൻസ് വഴി നടത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ സംബന്ധിച്ചു.814 വീടുകൾക്ക് നാശമുണ്ടായി. 22,000 ഹെക്ടർ കൃഷിനശിച്ചു. 331 കന്നുകാലികളുടെ ജീവൻ മഴ അപഹരിച്ചു. ഏപ്രിൽമുതൽ ജൂൺ വരെയുള്ള മഴയിൽ പത്ത് ശതമാനം വർധനയുണ്ടായി. നഷ്ടം നേരിട്ടവർക്ക് അടിയന്തരസഹായം ഉടൻ നൽകുമെന്നും പറഞ്ഞു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെപേരിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപവീതം നൽകിക്കഴിഞ്ഞു. ജൂൺ ഒമ്പതിന് മഴക്കാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാവിഭാഗം അറിയിച്ചിരിക്കുന്നത്.
ദുരന്തനിവാരണത്തിന് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് 540 കോടിരൂപ നൽകിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യമായിവന്നാൽ അനുവദിക്കും. സർക്കാരിന്റെ കൈവശം 331 കോടിയുടെ ദുരന്തനിവാരണ ഫണ്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുൻവർഷങ്ങളിലുണ്ടായ വലിയ പ്രളയങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി കമ്മിഷണർമാരോടും ജില്ലാപഞ്ചായത്ത് സി.ഇ.ഒ. മാരോടും ഗ്രാമങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണമെന്നും നിർദേശിച്ചു.
ബെംഗളൂരുവിലെ അടിപ്പാതകൾ മഴപെയ്യുമ്പോൾ അടച്ചിടാൻ യോഗത്തിൽ തീരുമാനിച്ചു. ഇവ ശാസ്ത്രീയമായി ശുചീകരിക്കും. ഓവുചാലുകളിൽ കെട്ടിക്കിടക്കുന്ന ചെളി നീക്കംചെയ്യും. മഴവെള്ളമൊഴുക്കിവിടുന്ന കനാലുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നിർദേശം നൽകി.
ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് .വിദ്യാര്‍ത്ഥികളുടെ കണ്സെഷൻ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.ബസ് ഓണേഴ്സ് സംയുക്ത സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്സ് സംയുക്ത സമരസമിതിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
മിനിമം 5 രൂപയായും യാത്രാ നിരക്കിൻ്റെ പകുതിയായും വര്‍ദ്ധിപ്പിക്കണമെന്നത് ഇതിലുള്‍പ്പെടുന്നു.നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാൻ അനുവദിക്കണമെന്നും കൂടി ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.വിദ്യാര്‍ത്ഥികളുടെ കണ്സെഷൻ യാത്രയ്ക് പ്രായപരിധി കൂടി ഏര്‍പ്പെടുത്തണമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന കണ്സെഷൻ കാര്‍ഡുകളുടെ വിതരണം കുറ്റമറ്റതാക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം സ്കൂള്‍ തുറന്നുള്ള ആദ്യ ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളില്‍ തന്നെ സമരം നടത്താനുളള ബസ് ഉടമകളുടെ തീരുമാനം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തല്‍