Home Featured സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച

നാല് നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകയില്‍ ആരാവും മുഖ്യമന്ത്രിയെന്നതില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ഇന്നലെ രാത്രിയോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം രാവിലെയോടെയുണ്ടാകും.

ബി.ജെ.പിയെ തറപറ്റിച്ച്‌ നേടിയ ഉജ്വല വിജയത്തിന് നാലുനാള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതിരുന്നത് കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വൈകുവോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായിരിക്കുന്നത്.

മുഖ്യമന്ത്രി പദവിക്കായുള്ള മത്സരത്തില്‍ സിദ്ധരാമയ്യക്ക് തന്നെയാണ് മുന്‍തൂക്കമുണ്ടായിരുന്നത്. നേരത്തെ, തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി എം.എല്‍.എമാരുടെ അഭിപ്രായം തേടിയപ്പോള്‍ ഭൂരിപക്ഷം എം.എല്‍.എമാരും പിന്തുണച്ചത് സിദ്ധരാമയ്യയെയായിരുന്നു. 85 എം.എല്‍.എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. 45 എം.എല്‍.എമാരാണ് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരായിരുന്നു.

ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാന്‍ തയാറാണെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. ആദ്യത്തെ രണ്ടുവര്‍ഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സ്ഥാനമൊഴിയുമെന്നും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തില്‍ തുടരാമെന്നുമായിരുന്നു നിര്‍ദേശം. സ്ഥാനം പങ്കുവെക്കുന്നതില്‍ ശിവകുമാറിന് എതിര്‍പ്പുണ്ടായില്ലെങ്കിലും ആദ്യ തവണ തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ തീരുമാനം വീണ്ടും വൈകി.സിദ്ധരാമയ്യ ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമര്‍നാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവര്‍ത്തകര്‍ ആശംസയറിയിച്ചെന്നും ഇവര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.

പരസ്യപ്രതികരണം പാടില്ലെന്ന് ഇന്നലെ നേതാക്കള്‍ക്ക് ഹൈകമാന്‍ഡ് മുന്നറിയിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക ലംഘനമായി കണ്ട് നടപടിയെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ, മുഖ്യമന്ത്രി തീരുമാനം ഉടനുണ്ടാകുമെന്ന് വ്യക്തമായിരുന്നു.മേയ് 13നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നത്. മേയ് 18 വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇതിനായി കണ്ഡീരവ സ്റ്റേഡിയത്തില്‍ വേദിയൊരുക്കലും അലങ്കാരപ്പണികളും തകൃതിയായി നടന്നിരുന്നു.

മുഖ്യമന്ത്രി തീരുമാനം വൈകിയതോടെ കണ്ഡീരവ സ്റ്റേഡിയത്തില്‍ തയാറെടുപ്പുകള്‍ നിര്‍ത്തി. വേദിയും പന്തലും ഒരുക്കുന്ന പണി താല്‍ക്കാലികമായി നിര്‍ത്താന്‍ കരാറുകാര്‍ക്ക് നിര്‍ദേശം ലഭിച്ചു. എത്തിച്ച കൊടിതോരണങ്ങള്‍ തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തില്‍ തയാറെടുപ്പുകള്‍ ഇന്ന് തന്നെ പുനരാരംഭിക്കും.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായതിനാല്‍ എം.എല്‍.എമാരെ ബി.ജെ.പി വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ മുന്‍ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.

You may also like

error: Content is protected !!
Join Our WhatsApp Group