Home Featured തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ എട്ടുവണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നു

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ എട്ടുവണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നു

ചെന്നൈ:തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസും മംഗളൂരു-ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസും ഉൾപ്പെടെ എട്ടുതീവണ്ടികളിലെ ജനറൽ കോച്ചിന്റെ എണ്ണംകുറയ്ക്കാൻ നടപടിയുമായി ദക്ഷിണറെയിൽവേ. പകരം എ.സി. കോച്ച് വരും. യാത്രക്കാർക്ക് എ.സി. കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് അധികൃതർ പറയുന്നത്.

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) നിലവിൽ അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ-കം-ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറൽ കോച്ച് കുറച്ച് എ.സി. കോച്ചുകളുടെ എണ്ണം നാലായി ഉയർത്താനാണ് തീരുമാനം. ജൂലായ് 25-ന് ഇത് പ്രാബല്യത്തിൽവരും. ഇതേ റേക്കുകൾ പങ്കുവെക്കുന്ന മംഗളൂരു-ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റംവരും. അടിയന്തരയാത്രയ്ക്ക് ജനറൽകോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.

23 കോച്ചുകളുള്ള ഈ വണ്ടികളിൽ 11 സ്ലീപ്പർ കോച്ചുകളും മൂന്ന് ത്രീടിയർ എ.സി. കോച്ചുകളും രണ്ട് ടു ടിയർ എ.സി. കോച്ചുകളും അഞ്ച് ജനറൽകോച്ചുകളും രണ്ട് ജനറൽ-കം-ലഗേജ് കോച്ചുകളുമാണുള്ളത്.പഴയരീതിയിലുള്ള ഐ.ആർ.എസ്. കോച്ചുകൾ ഉപയോഗിക്കുന്ന എട്ടുവണ്ടികളിലാണ് ഇപ്പോൾ മാറ്റം നിർദേശിച്ചിരിക്കുന്നത്. പുതിയ എൽ.എച്ച്.ബി. കോച്ചുകൾ ഉപയോഗിക്കുന്ന ദീർഘദൂരതീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. ത്രീടിയർ എ.സി. കോച്ചുകൾ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. ഭാവിയിൽ ദീർഘദൂരതീവണ്ടികളിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണംവരെയായി കുറയാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണറെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.

ഘട്ടംഘട്ടമായാണ് മാറ്റം നടപ്പാക്കുക.എ.സി. കോച്ചുകളിൽ യാത്രക്കാർ ഏറെ വർധിച്ചിട്ടുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. എണ്ണത്തിൽ കുറവുള്ള എ.സി. കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിലും എ.സി.ക്കാണ് മുൻഗണന. എൽ. എച്ച്.ബി. കോച്ചുകളുള്ള കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും നേരത്തേതന്നെ സ്ലീപ്പർ കോച്ച് കുറച്ച് എ.സി. കോച്ച് കൂട്ടിയിരുന്നു

കർണാടക മുഖ്യൻ: പ്രഖ്യാപനം ഇന്നുണ്ടായേക്കും; സോണിയയുടെ ഇടപെടൽ നിർണായകം, വിശ്വാസമർപ്പിച്ച് ശിവകുമാർ

ന്യൂഡൽഹി ∙ കർണാടകയിൽ മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലുള്ള പോരു തുടരുന്ന സാഹചര്യത്തിൽ, മധ്യസ്ഥത വഹിക്കാൻ സോണിയ ഗാന്ധി രംഗത്തിറങ്ങുന്നു. ഇരുവർക്കും രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണു സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ സോണിയയുടെ നിലപാട് നിർണായകമാകും.പ്രിയങ്ക ഗാന്ധിക്കൊപ്പം ഹിമാചലിലെ ഷിംലയിലുള്ള സോണിയ ഇന്നു ഡൽഹിയിലെത്തും.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണു പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും യോജിപ്പ്. ഇതേസമയം, സംസ്ഥാനത്തെ പ്രബലസമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാർ സിദ്ധരാമയ്യയെ പിന്തള്ളി 5 വർഷത്തേക്കും മുഖ്യമന്ത്രി സ്ഥാനം പിടിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്.

ഖർഗെയുമായി ഇന്നലെ ഡൽഹിയിൽ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തിയ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയതോടെയാണ്, പ്രശ്നപരിഹാരത്തിനു സോണിയയുടെ മധ്യസ്ഥത തേടാൻ ഖർഗെ തീരുമാനിച്ചത്. ഒരുഘട്ടത്തിൽ സിദ്ധരാമയ്യയെ വെട്ടാൻ മല്ലികാർജുൻ ഖർഗെയോടു മുഖ്യമന്ത്രിയാകാനും ശിവകുമാർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ഇന്ന് ബെംഗളൂരുവിൽ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇരു നേതാക്കളെയും ഒപ്പം നിർത്തി ഐക്യമുറപ്പിച്ചശേഷമാവും ഖർഗെ പ്രഖ്യാപനം നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ നീട്ടിവച്ചേക്കും.സോണിയയിൽ വിശ്വാസമർപ്പിച്ച് ശിവകുമാർമുഖ്യമന്ത്രിപദം വീതിച്ചു നൽകാമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചെങ്കിലും വീതംവയ്പ് പറ്റില്ലെന്നും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ അദ്ദേഹത്തിനു കീഴിൽ ഉപമുഖ്യമന്ത്രിയാകാൻ താനില്ലെന്നും തുടക്കത്തിൽ ശിവകുമാർ നിലപാടെടുത്തു.

ഒന്നുകിൽ തന്നെ 5 വർഷത്തേക്കു മുഖ്യമന്ത്രിയാക്കുക, അല്ലെങ്കിൽ മന്ത്രിസഭയിലേക്കു താനില്ല എന്ന ശിവകുമാറിന്റെ നിലപാടിനോടു വിയോജിച്ച ഹൈക്കമാൻഡ് വീതംവയ്പ് മാത്രമാണു പോംവഴിയെന്നു വ്യക്തമാക്കി.മറ്റുവഴികളില്ലെങ്കിൽ ശിവകുമാർ വീതംവയ്പിനു വഴങ്ങുമെന്നാണു സൂചന. പക്ഷേ, ആദ്യപകുതിക്കു വേണ്ടി നിർബന്ധം പിടിക്കും. ആദ്യം താൻ തന്നെ മുഖ്യമന്ത്രിയെന്ന നിലപാടിലാണ് സിദ്ധരാമയ്യയും.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് ഒടുവിൽ ഹൈക്കമാൻഡ് തീരുമാനിക്കുന്നതെങ്കിൽ പകരം തനിക്കുള്ള വാഗ്ദാനങ്ങൾ സംബന്ധിച്ച ഉറപ്പ് സോണിയയിൽനിന്നു നേരിട്ടു നേടിയെടുക്കുകയാണ് ശിവകുമാറിന്റെ ലക്ഷ്യം. പാർട്ടി എന്തു തീരുമാനമെടുത്താലും സോണിയയുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യത്തിന്റെ പിന്നിൽ ഇതാണ്. ഭരണത്തിന്റെ ആദ്യപകുതി സിദ്ധരാമയ്യയ്ക്കെങ്കിൽ രണ്ടര വർഷത്തിനുശേഷം താൻ മുഖ്യമന്ത്രി, ഇപ്പോൾ ആഭ്യന്തരമടക്കമുള്ള പ്രധാനവകുപ്പുകളിൽ തന്റെ അനുയായികൾക്കു മന്ത്രിസ്ഥാനം എന്നീ ഉറപ്പുകളാണു ശിവകുമാർ സോണിയയിൽനിന്നു പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group