ബംഗളൂരു: 140 ഓളം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ എത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചപ്പോള്‍, ബിജെപി കേവല ഭൂരിപക്ഷം കടക്കുമെന്ന് സി മാട്രിസും സുവര്‍ണ്ണയും പ്രവചിക്കുന്നു.
ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. പുറത്തുവന്ന എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, കര്‍ണാടകയില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് തന്നെയാണ് പോളിങ്ങിനു ശേഷമുള്ള സൂചനകള്‍. വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് കൂടുതല്‍ സര്‍വ്വേകള്‍ പ്രവചിച്ചു. കോണ്‍ഗ്രസിന് അനായാസമായി കര്‍ണാടകയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. 122 മുതല്‍ 140 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും.
ബിജെപിക്ക് പരമാവധി 80 സീറ്റുകള്‍ മാത്രമാണ് ഇന്ത്യ ടുഡേ പറയുന്നത്. ജെഡിഎസിന് ശക്തി കേന്ദ്രങ്ങളില്‍ അടിപതറി പരമാവധി 20 സീറ്റുകളില്‍ ഒതുങ്ങുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. സീ ന്യൂസ് സര്‍വെയിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് ഫലം. കോണ്‍ഗ്രസ് 118, ബിജെപി 94, ജെഡിഎസ് 33 എന്നിങ്ങനെയാണ് പരമാവധി സീറ്റുകള്‍ പ്രവചിക്കുന്നത്.ടിവി നയന്‍ പോള്‍സ്ട്രാറ്റും, ടിവി നയന്‍ സീ വോട്ടറും നടത്തിയ സര്‍വേകളില്‍. കോണ്‍ഗ്രസ് കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിജെപി 100 സീറ്റ് കടക്കില്ലെന്നും ഇരു സര്‍വെകളും പറയുന്നു. ജെ ഡി എസിന് നിലവിലെ ശക്തിയുണ്ടാകില്ല എന്ന് തന്നെയാണ് സര്‍വേ ഫലങ്ങള്‍. പക്ഷേ നിര്‍ണായക ശക്തിയാകാന്‍ ജെ ഡി എസിന് കഴിയുമെന്നാണ് രണ്ട് സര്‍വേകളും പ്രവചിക്കുന്നത്.
സുവര്‍ണ്ണയും സി മാട്രിസും ഫലം പ്രവചിക്കുന്ന എക്സിറ്റ് പോളില്‍ ബിജെപി ഭരണം തുടരുമെന്ന് തന്നെയാണ് സൂചന നല്‍കുന്നത്. സി മാട്രിസ്, ബിജെപിക്ക് 114 കോണ്‍ഗ്രസിന് 84 ഉം സീറ്റുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. 117 സീറ്റുകള്‍ നേടി ബി.ജെ.പി സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നാണ് സുവര്‍ണ പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളിലും 108 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് പ്രവചനം.
കര്‍ണാടക തെരഞ്ഞെടുപ്പ് : സ്ത്രീയുടെ വോട്ട് ബിജെപിക്കായി പോള്‍ ചെയ്തു, പോളിംഗ് ഓഫീസര്‍ പിടിയില്‍
ഹുബ്ബാലി(കര്‍ണാടക): വോട്ട് ചെയ്യാന്‍ സഹായിക്കാനെത്തിയ പോളിംഗ് ഓഫീസര്‍ തന്റെ വോട്ട് ബിജെപിക്കായി ചെയ്തുവെന്ന വനിതാവോട്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.കാലാബുരാഗി ജില്ലയിലെ ചിത്താപുര്‍ മണ്ഡലത്തിലെ ചാംനുര് ഗ്രാമത്തിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. ബാസമ്മ എന്തുമാന്‍ എന്ന വോട്ടറാണു പരാതിക്കാരി.
പ്രായാധിക്യമുള്ളതിനാല്‍ പോളിംഗ് ഓഫീസര്‍ ബി.സി.ചൗഹാന്റെ സഹായം തേടിയ ബാസമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക് ഖാര്‍ഗെയ്ക്കായി തന്റെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും പോളിംഗ് ഓഫീസര്‍ ബിജെപി സ്ഥാനാര്‍ഥി മണികണ്ഠ റാത്തോഡിന് അനുകൂലമായി വോട്ട് ചെയ്തെന്നാണു പരാതി.
വോട്ടര്‍ ഇത് എതിര്‍ത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക് ഖാര്‍ഗെ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവീന്‍ കുമാറിന് പരാതി നല്കി. ഉടന്‍തന്നെ ചൗഹാനെ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്നു നീക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണു മുന്മന്ത്രികൂടിയായ പ്രിയങ്ക് ഖാര്‍ഗെ.