ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചായക്കടക്കാരിയുടെ വീട്ടിലെത്തി വോട്ടുതേടി പ്രിയങ്കാ ഗാന്ധി. ഞായറാഴ്ച രാവിലെയാണ് ബെലഗാവി ടൗണിന് സമീപത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ വീട്ടിലെത്തിയത്. തുടർന്ന് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ പ്രിയങ്ക, സാധാരണക്കാർക്കുവേണ്ടി കോൺഗ്രസ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കുടുംബത്തിലെ മറ്റംഗങ്ങളെയും പരിചയപ്പെടുകയും കോൺഗ്രസിന് വോട്ടഭ്യർഥിക്കുകയും ചെയ്തു.
കുടുംബത്തോടൊപ്പം വീട്ടിനുള്ളിലിരുന്ന് സംസാരിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പത്തുമിനിറ്റോളം വീട്ടിൽ ചെലവഴിച്ചശേഷമാണ് പ്രിയങ്ക മടങ്ങിയത്. നേരത്തേ, മൈസൂരുവിൽ പ്രചാരണത്തിനിടെ ചായക്കടയിൽ കയറി ദോശയുണ്ടാക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കർണാടകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുന്ന പ്രിയങ്ക പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും പങ്കെടുക്കുന്നതിനൊപ്പം ആളുകളെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനും ശ്രദ്ധിക്കുന്നുണ്ട്.