തിരുവന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി.80 ലക്ഷം രൂപ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവുമായി പത്ത് ലക്ഷം രൂപയുമാണ് കാരുണ്യ ലോട്ടറിയിലൂടെ നല്‍കുന്നത്. ഈ ലോട്ടറിയിലൂടെ കണ്ടെത്തുന്ന തുക നിര്‍ധനരായ രോഗികളുടെ സേവനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ലോട്ടറി കൂടിയാണ് കാരുണ്യ.
ഇപ്പോഴിതാ കേരളത്തില്‍ വന്ന് ലോട്ടറിയെടുത്ത ഒരു കർണാടക സ്വദേശിക്ക് കഴിഞ്ഞയാഴ്ചത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കന്നഡ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉപ്പിനങ്ങാടിയിലെ ഗാന്ധി പാർക്കിന് സമീപം താമസിക്കുന്ന 72 കാരനായ ആനന്ദ എന്ന വ്യക്തിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.ജീവിത കാലം മുഴുവന്‍ ടെയിലറായി തൊഴില്‍ ചെയ്തിരുന്ന അദ്ദേഹം അടുത്തിടെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജോലിയില്‍ നിന്നും പിന്‍വാങ്ങിയത്.
വളരെയധികം കഷ്ടപ്പാടുകള്‍ നേരിടുന്ന തന്നെ സംബന്ധിച്ച് ഇത് ഒരു വലിയ അനുഗ്രഹമാണെന്നാണ് ആനന്ദ വ്യക്തമാക്കുന്നത്. 30 വർഷത്തിലേറെയായി തയ്യൽക്കാരനായി ജോലി ചെയ്ത വ്യക്തിയാണ് ആനന്ദ. കാലുകളെ ബാധിച്ച അസുഖത്തെ തുടർന്നായിരുന്നു ജോലിയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത്.നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകന് കൂടിയായിരുന്ന ഇദ്ദേഹം ഒരു ടേം ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായിരുന്നു.
വീട്ടുജോലിക്കാരിയായ ഭാര്യയും ഒരു മകളും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് ലോട്ടറി ജേതാവിന്റെ കുടുംബം. മകളെ കേരളത്തിലെ നീലേശ്വരത്താണ് വിവാഹം കഴിച്ച് കൊടുത്തത്.ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു ശീലവും ഇല്ലാത്ത വ്യക്തിയായിരുന്നു ആനന്ദ. എങ്കിലും ഇടയ്ക്കിടെ മകളുടെ കേരളത്തിലെ വീട്ടിൽ വരുമ്പോൾ കേരള സംസ്ഥാന ലോട്ടറി ടിക്കറ്റ് വാങ്ങുമായിരുന്നു. അതുപോലെ, കഴിഞ്ഞയാഴ്ച മകളുടെ വീട്ടിൽ പോയപ്പോൾ കാരുണ്യ ടിക്കറ്റ് വാങ്ങുകയും ഏപ്രിൽ 15ന് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടുകയുമായിരുന്നു. 30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള 56 ലക്ഷം രൂപ വിജയിക്ക് ലഭിക്കും.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്, പ്ലസ് ടു ഫലം മെയ് 25ന്;സ്കൂളുകൾ ജൂൺ 1ന് തുറക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും.
മെയ് 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തക തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റി വയ്ക്കും. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.