Home Featured കര്‍ണാടക: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എട്ടിന്

കര്‍ണാടക: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എട്ടിന്

by admin

ബംഗളൂരു: ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഏപ്രില്‍ എട്ടിന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നേതാക്കളുടെ അഭിപ്രായങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഏപ്രില്‍ എട്ടിന് കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്ന് പട്ടികക്ക് അന്തിമരൂപം ഉണ്ടാക്കുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

ശിക്കാരിപുര, ബെളഗാവി, ശിവ്മൊഗ്ഗ സീറ്റുകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പട്ടിക പുറത്തുവരുന്നതോടെ ഇല്ലാതാകും. ജനങ്ങളുടെ അഭിലാഷപ്രകാരം യെദിയൂരപ്പയുടെ മകന്‍ ബി.എസ് വിജയേന്ദ്ര ശിക്കാരിപുരയില്‍നിന്ന് മത്സരിച്ച്‌ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.

ശിക്കാരിപുരയില്‍നിന്ന് മത്സരിക്കുന്ന കാര്യം വിജയേന്ദ്രയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബി.ജെ.പി ബെളഗാവി ജില്ല കമ്മിറ്റി യോഗത്തില്‍ ജില്ലയിലെ 18 മണ്ഡലങ്ങളില്‍ പലതിലും ഇത്തവണ വിജയിക്കല്‍ ഏറെ ശ്രമകരമായിരിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബി.ജെ.പിയും എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. ഓപറേഷന്‍ താമരയെ തുടര്‍ന്ന് പിന്നീട് ബി.ജെ.പിക്ക് 13 സീറ്റുകളും കോണ്‍ഗ്രസിന് അഞ്ചുസീറ്റുമായി. ഇത്തവണ ബി.ജെ.പി 14-17 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.

ഏഴ് സീറ്റുകള്‍ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മന്ത്രി ഉമേഷ് കട്ടീല്‍, എം.പി സുരേഷ് അങ്ങടി എന്നിവരുടെ നിര്യാണത്തോടെ ബി.ജെ.പി ജില്ലയില്‍ ദുര്‍ബലമായെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തിടെ വന്‍ പ്രചാരണപരിപാടികള്‍ ബെളഗാവിയില്‍ നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group