ബെംഗൂരു: വേനൽ കനക്കുന്നതോടെ സംസ്ഥാനത്തെ 17 ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. സ്ഥിരമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വടക്കൻ കർണാടകത്തിലെ വിവിധ ജില്ലകളെ അപേക്ഷിച്ച് ബെംഗളൂരു റൂറലിനാണ് വലിയതോതിൽ കുടിവെള്ള ക്ഷാമമുണ്ടാകുക.ഭൂഗർഭജലനിരപ്പ് കുറഞ്ഞതും കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമല്ലാത്തതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിലോടെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ജില്ലകളിൽ ഇവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ എൻവയോൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.റായ്ചൂരു, ചിക്കബെല്ലാപുര, കലബുറഗി, ഗദക്, കൊപ്പാൾ, വിജയപുര, ബീദർ, ബെലഗാവി, ബെംഗളുരു അർബൻ, കോലാർ, ബാഗൽകോട്ട്, ദാവണഗെരെ, യാദ്ഗിർ, ചിത്രദുർഗ, തുമകൂരു, ഉത്തരകന്നഡ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ജില്ലകൾ.
ഇവയിൽ ഭൂരിഭാഗം ജില്ലകളിലും സ്ഥിരമായി വരൾച്ചയുണ്ടാകാറുണ്ട്.എന്നാൽ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇത്തവണ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യതയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം മികച്ച മഴ ലഭിച്ചതോടെ ഇത്തവണ വരൾച്ചയ്ക്ക് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വേനൽച്ചൂട് ക്രമാതീതമായി വർധിച്ചത് ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചിരിക്കുകയാണ്.
കുടിവെള്ളവിതരണം ടാങ്കറിൽ:ബീദർ, ഗദക്, യാദഗിർ തുടങ്ങിയ ജില്ലകളിലെ ചിലഗ്രാമങ്ങളിൽ ഇതിനോടകം കുടിവെള്ളം ടാങ്കറുകളിലെത്തിച്ചുതുടങ്ങിയിട്ടുണ്ട്. ജനുവരി പകുതിയോടെ ഈ ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. അതത് പഞ്ചായത്തുകൾക്കാണ് ഗ്രാമങ്ങളിൽ വെള്ളമെത്തിക്കുന്നതിനുള്ള ചുമതല. കുടിവെള്ളവിതരണത്തിന് ഈ പഞ്ചായത്തുകൾക്ക് പ്രത്യേകം തുക സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കർമപദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കരുതൽ വേണമെന്ന് ബി.ഡബ്ല്യു.എസ്.എസ് ബി.:ചൂട് കൂടുന്ന സാഹചര്യത്തിൽ വെള്ളം ഉപയോഗിക്കുന്നതിൽ കരുതൽവേണമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്. ബി.). നഗരത്തിൽ വിതരണം ചെയ്യുന്ന കാവേരി വെള്ളം കുടിക്കാനും പാചകത്തിനും മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം.
മറ്റുകാര്യങ്ങൾക്ക് കുഴൽക്കിണർ വെള്ളമോ മലിനജല ശുദ്ധീകരണ പ്ലാന്റിൽനിന്നുള്ള വെള്ളമോ ഉപയോഗിക്കണം. നിലവിൽ 1450 മില്യൺ ലിറ്റർ കാവേരിവെള്ളമാണ് നഗരത്തിൽ പ്രതിദിനം വിതരണംചെയ്യുന്നത്. വേനൽ കനത്താൻ ഇതേ അളവിൽ വെള്ളം വിതരണം ചെയ്യുന്നത് വെല്ലുവിളിയാകുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. ചൂണ്ടിക്കാട്ടുന്നു