ബംഗളൂരു: യാദ്ഗിര്‍ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് യുവതിയുടെ ശസ്ത്രക്രിയ വൈകിയതോടെ ഗര്‍ഭസ്ഥശിശു മരിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. പ്രസവവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാദ്ഗിര്‍ സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളോട് 10,000 രൂപയാണ് ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിയുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല.
പണം കിട്ടിയാലേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്ന നിലപാടിലായിരുന്നു ഡോക്ടര്‍. ഒടുവില്‍ വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ നിന്നായി കടം വാങ്ങി 10,000 രൂപ ബന്ധുക്കള്‍ സംഘടിപ്പിച്ചു നല്‍കി. തുടര്‍ന്നാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ജില്ല ഡെപ്യൂട്ടി കമീഷണര്‍ ആര്‍. സ്‌നേഹല്‍ അറിയിച്ചു. അന്വേഷണത്തിനുശേഷം ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു.
ധിക്കാരപരമായ സ്വഭാവം; മകളെ കൊലപ്പെടുത്തി മുന്‍സര്‍ക്കാര്‍ ജീവനക്കാരന്‍
ബംഗളൂരു: അക്രമവും ധിക്കാരസ്വഭാവവും കാണിക്കുന്നുവെന്ന കാരണം പറഞ്ഞ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകളെ കൊലപ്പെടുത്തി.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) മുന്‍ ഉദ്യോഗസ്ഥനായ രമേഷ് (60) ആണ് മകള്‍ ആഷയെ (32) തടിക്കഷണം കൊണ്ട് തല്ലിക്കൊന്നത്.
ബുധനാഴ്ച രാത്രി കോടിഗെഹള്ളി ധനലക്ഷ്മി ലേഔട്ടിലെ വീട്ടിലാണ് സംഭവം. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദധാരിയായ ആഷ കോളജില്‍ കൂടെ പഠിച്ചിരുന്ന നാഗരാജിനെ 2019ല്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍, അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ബന്ധം ഒഴിഞ്ഞു.
സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ആഷ നാഗരാജിനെതിരെ കോടിഗെഹള്ളി പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനത്തിന് 2021ല്‍ പരാതി നല്‍കി. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്. അതേസമയം, ആഷ പലപ്പോഴും മാതാപിതാക്കളെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി പെരുമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയും പിതാവുമായി വഴക്കിട്ടിരുന്നു.
പത്തുമണിയോടെ ഉറങ്ങാന്‍ കിടന്ന ആഷ 11.30ഓടെ എഴുന്നേറ്റ് മാതാവിനോട് ഭക്ഷണം ആവശ്യപ്പെട്ടു. മാതാവ് ചപ്പാത്തി നല്‍കിയ ശേഷം കിടക്കാന്‍പോയി. ഈസമയം രമേഷ് മകളെ തടിക്കഷണംകൊണ്ട് അടിക്കുകയായിരുന്നു. മരണവിവരം രമേഷ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് ആദ്യം ഇയാള്‍ പറഞ്ഞതെങ്കിലും പൊലീസ് ചോദ്യംചെയ്യലില്‍ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.