ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത (എന്‍.എച്ച് 275) ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 118 കിലോമീറ്ററുള്ള പാതയിലൂടെ മൈസൂരുവില്‍നിന്ന് ബംഗളൂരുവിലെത്താന്‍ ഒന്നരമണിക്കൂര്‍ മതിയാകും. ബംഗളൂരുവിനെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ക്ക് വന്‍ യാത്രാസൗകര്യമാണ് പാത ഒരുക്കുന്നത്.
നിലവില്‍ നാലു മണിക്കൂറോളമാണ് യാത്രാസമയം. 8480 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വിസ് റോഡുകളുമാണ് പാതയിലുള്ളത്. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ നേരത്തേതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഒമ്ബതു വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്പാതകള്, അഞ്ച് ബൈപാസുകള്‍ എന്നിവയുമുണ്ട്. ഞായറാഴ്ച രാവിലെ 11ന് മാണ്ഡ്യ മദ്ദൂര്‍ ഗജ്ജലക്കെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. പാതയിലൂടെയുള്ള ടോള്‍ പിരിവ് മാര്‍ച്ച് 14ന് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്.
കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ബംഗളൂരുവില്‍നിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ബിഡദി കനിമിണിക്കെയിലും ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലുമാണ് ടോള്‍ ബൂത്തുകള്‍ ഉള്ളത്. ഓരോ ടോള്‍ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകള്‍ വീതമുണ്ടാകും.