Home Featured ബംഗളുരു :ലക്ഷ്‌മമ്മയുടെ ജീവിതം ചുടലത്തീയുടെ ചൂടില്‍ ; ഇതിനകം ദഹിപ്പിച്ചത് അയ്യായിരത്തിലേറെ മൃതദേഹങ്ങള്‍..

ബംഗളുരു :ലക്ഷ്‌മമ്മയുടെ ജീവിതം ചുടലത്തീയുടെ ചൂടില്‍ ; ഇതിനകം ദഹിപ്പിച്ചത് അയ്യായിരത്തിലേറെ മൃതദേഹങ്ങള്‍..

ദൊഡ്ഡബല്ലാപുര (ബാംഗ്ലൂര്‍ റൂറല്‍) : ശ്‌മശാനമെന്നത് പൊതുവെ അടുക്കാന്‍ മടി തോന്നുന്ന പേടിപ്പെടുത്തുന്ന ഇടമാണ് കൂടുതല്‍ പേര്‍ക്കും. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ശ്‌മശാന സന്ദര്‍ശനങ്ങള്‍ ആളുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒറ്റയ്‌ക്ക് ശ്‌മശാനത്തില്‍ താമസിച്ച്‌ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നൊരു സ്‌ത്രീയുണ്ട്, അങ്ങ് കര്‍ണാടകയില്‍.ദൊഡ്ഡബല്ലാപുര നഗരത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ദേവാംഗ ബോര്‍ഡിന്‍റെ കീഴിലുള്ള ശ്‌മശാനത്തിന്‍റെ നടത്തിപ്പുകാരിയായ ലക്ഷ്‌മമ്മ എന്ന 60 വയസുകാരിയാണ് ഉള്‍ക്കരുത്തോടെ തന്‍റെ ജോലിയില്‍ മുഴുകുന്നത്.

ഒന്നും രണ്ടുമല്ല അയ്യായിരത്തിലേറെ മൃതദേഹങ്ങളാണ് ലക്ഷ്‌മമ്മ ഇതിനകം ദഹിപ്പിച്ചിട്ടുള്ളത്. ഭര്‍ത്താവിനൊപ്പമായിരുന്നു ആദ്യ കാലത്ത് ലക്ഷ്‌മമ്മ മൃതദേഹങ്ങള്‍ സംസ്‌കരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭര്‍ത്താവ് മരിച്ചതോടെ ആ ജോലി അവര്‍ ഒറ്റയ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു.നഗരത്തിലെ ദേവാംഗ ബോര്‍ഡിന്‍റെ ശ്രമങ്ങളുടെ ഫലമായി 2001ലാണ് ഒരു പൊതുശ്‌മശാനം സ്ഥാപിച്ചത്. അന്ന് മുതല്‍ ലക്ഷ്‌മമ്മ ഭര്‍ത്താവ് ഉമാശങ്കറിനൊപ്പം ഇവിടെ സംസ്‌കാരം നടത്തിവരികയാണ്.

എന്നാല്‍ ഏഴ്‌ വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉമാശങ്കര്‍ മരണപ്പെട്ടു. ഇതോടെ ഒറ്റയ്ക്കാ‌യെങ്കിലും ലക്ഷ്‌മമ്മ തന്‍റെ തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.ചെറിയ പണിയല്ല: ശ്‌മശാനത്തില്‍ ദിവസവും രണ്ട് മൃതദേഹങ്ങളെങ്കിലും ദഹിപ്പിക്കാറുണ്ടെന്നാണ് ലക്ഷ്‌മമ്മ പറയുന്നത്. മൃതദേഹം കൊണ്ടുവന്ന് ദഹിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്ബോള്‍ വലിയ പണിയില്ല എന്നാകും കേള്‍ക്കുന്നവര്‍ വിചാരിക്കുക. എന്നാല്‍ മൃതദേഹം എത്തിക്കുന്നതിന് മുന്‍പ് തടികള്‍ അടുക്കുന്നത് മുതല്‍ ചടങ്ങുകള്‍ക്കാവശ്യമായ അസ്ഥി എടുക്കുന്നതുവരെയുള്ള പണി ലക്ഷ്‌മമ്മ തന്നെയാണ് ചെയ്യുന്നത്.

മൃതദേഹം എത്തിക്കുന്നതിന് മുന്‍പ് തടികള്‍ സിലിക്കണ്‍ ബോക്‌സില്‍ അടുക്കിവയ്‌ക്കണം. മൃതദേഹം എത്തിച്ച ശേഷം അതിനെ അടുക്കിവച്ച തടിയുടെ മുകളില്‍വച്ച്‌ അതിനുമേലെ വീണ്ടും തടി അടുക്കണം. ശേഷം ഓരോരുത്തരുടേയും ആചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിക്കണം. ഏകദേശം 5 മുതല്‍ 6 മണിക്കൂര്‍ വരെയെടുക്കും ഒരു മൃതദേഹം പൂര്‍ണമായും ദഹിപ്പിക്കാന്‍.ഈ സമയമത്രയും മൃതദേഹത്തിനരികില്‍ നില്‍ക്കണം. ആവശ്യത്തിന് വിറകുകള്‍വച്ചുനല്‍കണം. ഇതെല്ലാം ലക്ഷ്‌മമ്മ ഒറ്റയ്‌ക്ക് തന്നെയാണ് ചെയ്യുന്നത്.

മൃതദേഹം പൂര്‍ണമായും ചാരമാകുന്നത് വരെ ലക്ഷ്‌മമ്മ അവിടെത്തന്നെയുണ്ടാകും. ദേവാംഗ ബോര്‍ഡ് നല്‍കുന്ന 6000 രൂപയും മരിച്ചവരുടെ ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയും കൊണ്ടാണ് ലക്ഷ്‌മമ്മ ജീവിതം തള്ളിനീക്കുന്നത്.

പ്രതിസന്ധി സൃഷ്‌ടിച്ച്‌ കൊവിഡ് കാലം : കൊവിഡ് കാലത്തെ മരണങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചെതെന്ന് ലക്ഷ്‌മമ്മ പറയുന്നു. അക്കാലത്ത് അടുത്ത ബന്ധുക്കള്‍ക്ക് പോലും മൃതദേഹത്തിന്‍റെ അടുത്തേക്ക് പോകാനോ അതില്‍ തൊടാനോ ഭയമായിരുന്നു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും താന്‍ പേടികൂടാതെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്നുവെന്ന് ലക്ഷ്‌മമ്മ പറയുന്നു.’ആ സമയങ്ങളില്‍ ഒരു ദിവസം 7മുതല്‍ 10 വരെ മൃതദേഹങ്ങള്‍ ഞാന്‍ ദഹിപ്പിക്കാറുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്. ചില ഘട്ടങ്ങളില്‍ ആചാരങ്ങള്‍ അനുസരിച്ച്‌ ബന്ധുക്കള്‍ തന്നെ ശവശരീരങ്ങള്‍ ദഹിപ്പിക്കാറുണ്ട്. ഈ തൊഴിലില്‍ എനിക്ക് ഭയമില്ല. ഞാന്‍ തീര്‍ത്തും സമാധാനത്തിലാണ് കഴിയുന്നത് ‘ – ലക്ഷ്‌മമ്മ പറഞ്ഞു.അതേസമയം അപൂര്‍വ സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും ലക്ഷ്‌മമ്മയെ തേടിയെത്തിയിട്ടുണ്ട്. താലൂക്ക് ഭരണകൂടവും ജില്ല ഭരണകൂടവും മറ്റ് വിവിധ സംഘടനകളുമെല്ലാം ലക്ഷ്‌മമ്മയുടെ സേവനം മാനിച്ച്‌ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group