ബംഗളൂരു: നാഗര്‍ഹോള കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്ന് കര്‍ണാടക ഈടാക്കുന്ന പ്രവേശനഫീസ് യഥാര്‍ഥത്തില്‍ ശുചീകരണ ഫീസ് ആണെന്ന വിശദീകരണവുമായി വനംവകുപ്പ്.കേരളത്തില്‍ നിന്നടക്കം എത്തുന്ന സഞ്ചാരികളും മറ്റും വനത്തിലും റോഡരികുകളിലും നിക്ഷേപിക്കുന്ന മാലിന്യം നീക്കാനാണ് ഈ ഫീസ് ഉപയോഗിക്കുന്നത്. നിരവധി വാഹനങ്ങളാണ് കടുവ സങ്കേതത്തിലൂടെ കര്‍ണാടയിലേക്കും തിരിച്ചും ദിവസേന കടന്നുപോകുന്നത്.
ഫെബ്രുവരി ഒന്നിനാണ് ഫീസ് ഈടാക്കിത്തുടങ്ങിയത്. ചെറിയ വാഹനങ്ങള്‍ക്ക് 20 രൂപയും വലിയ വാഹനങ്ങള്‍ക്ക് 50 രൂപയുമാണ് വാങ്ങുന്നത്. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. കേരളത്തിലേക്കുള്ള നിരവധി വാഹനങ്ങള്‍ കുടക്-മൈസൂരു അതിര്‍ത്തിയിലുള്ള ആനചൗക്കൂര്‍ ഗേറ്റ് വഴി നാഗര്‍ഹോള കടുവ സങ്കേതത്തിന്‍റെ പരിധിയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ പ്രതിദിനം 5000ത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ബാവലി ചെക്ക്പോസ്റ്റ്, ആനചൗക്കൂര്‍, നാണച്ചി ഗേറ്റ്, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
ദമ്മനഗട്ടെ, നാണച്ചി ഗേറ്റ് എന്നിവിടങ്ങള്‍ വാഹന പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നവരില്‍നിന്ന് പാര്‍ക്കിങ് ഫീസും ഈടാക്കുന്നുണ്ട്.ചെറിയ വാഹനങ്ങള്‍ക്ക് 50 രൂപയും വലിയ വാഹനങ്ങള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഇത് കടുവസങ്കേതത്തിന്‍റെ പരിധിയിലുള്ള റോഡരികുകളും വനപ്രദേശങ്ങളും വൃത്തിയാക്കാനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ കടന്നുപോകുന്നതില്‍ കൂടുതലും കേരളത്തിലേക്കുള്ള വാഹനങ്ങളാണ്. ഇവര്‍ കേരളത്തിലേക്ക് കടക്കുന്നതിന് മുമ്ബ് പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും കടുവസങ്കേതത്തിലെ റോഡരികിലും മറ്റും വലിെച്ചറിയുകയാണെന്നാണ് കര്‍ണാടക വനംവകുപ്പിന്‍റെ ആരോപണം.
ആനചൗക്കൂര്‍ ഗേറ്റിലൂടെ മാത്രം ആയിരക്കണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്ക് പോകുന്നത്.ഇവിടെ നിന്ന് മാത്രം ദിവസം ഒരു ലക്ഷം രൂപയാണ് പ്രവേശന ഫീസായി കര്‍ണാടകക്ക് ലഭിക്കുന്നത്. ഈ പണം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പിറ്റേന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന മാലിന്യംനീക്കുന്നത് ഇൗ പണം ഉപയോഗിച്ചാണ്.
ഇതിനകം നിരവധി റോഡരികുകളും വനവും ഇതിലൂടെ മാലിന്യമുക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.അതേസമയം, ദിവസത്തില്‍ നിരവധി തവണ ഈ പാത ഉപയോഗിക്കുന്നവര്‍ക്ക് വന്‍തുക നഷ്ടമാകുന്നുവെന്നാണ് മലയാളികളുടെ പരാതി. പലപ്പോഴും രസീതുപോലും നല്‍കാതെയാണ് പണപ്പിരിവെന്നും രാത്രിയാണ് ഇതു കൂടുതലെന്നും ആരോപണമുണ്ട്.