ബെംഗളൂരു: ബി ജെ പിയുടെ പതനത്തിന് കർണാടക നിയമസഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ഇന്ത്യയിലുടനീളം 800 എം എൽ എമാരെയും എംപിമാരെയും ബി ജെ പി ഇതുവരെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച പഞ്ചരത്ന യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ, തെരഞ്ഞെടുപ്പിന് മുമ്പുള്ള ‘ഓപ്പറേഷൻ കമല’യിൽ ബിജെപി വീണ്ടും പങ്കാളിയാണ്. പല മണ്ഡലങ്ങളിലും വിജയിക്കാവുന്ന സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും വേട്ടയാടുകയാണ് . നേതാക്കളെ വളർത്താനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും ശേഷിയില്ലാത്ത ബിജെപി മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളെയാണ് ആശ്രയിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.
കർണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ജെ ഡി എസ് പ്രതിജ്ഞാബദ്ധമാണ്. അമിത് ഷായെപ്പോലുള്ള ബി ജെ പി നേതാക്കൾ തങ്ങളുടെ അധാർമിക രാഷ്ട്രീയം ഉത്തരേന്ത്യയിൽ മാത്രം ഒതുക്കണം. അവർ ജെഡി (എസ്)നെ പ്രകോപിപ്പിക്കരുത്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കുടുംബം സർക്കാർ ഫണ്ട് കൊള്ളയടിച്ചെന്ന് തെളിയിക്കാൻ കേന്ദ്രമന്ത്രി അമിത് ഷായെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മാണ്ഡ്യയിൽ നടന്ന ബിജെപിയുടെ ജനസങ്കൽപ യാത്രയ്ക്കിടെ ഷാ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ കോൺഗ്രസിനെയോ ജെഡിഎസിനെയോ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാൽ, ജനങ്ങളുടെ ക്ഷേമം മാറ്റിവെച്ച് അതാത് പാർട്ടിയുടെ തലപ്പത്തുള്ള കുടുംബത്തിന്റെ വിജയിക്കുന്ന പാർട്ടിയുടെ എടിഎമ്മായി സംസ്ഥാനം മാറുമെന്നായിരുന്നു ഷാ അഭിപ്രായപ്പെട്ടത്.