Home കർണാടക ബെംഗളൂരുവിലെ നടപ്പാതകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..!

ബെംഗളൂരുവിലെ നടപ്പാതകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് പുല്ലുവില; 5000 രൂപ പിഴയിട്ടിട്ടും രക്ഷയില്ല..!

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തുകളെ കൈയേറ്റങ്ങളില്‍ നിന്ന് ഒഴിപ്പിച്ച്‌ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം നടപടികള്‍ ശക്തമാക്കിയിട്ടും, ഇരുചക്ര വാഹനങ്ങള്‍ നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന പ്രവണത തുടരുന്നതില്‍ ആശങ്ക.ഇത് കാല്‍നടയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.ബെംഗളൂരു ട്രാഫിക് പൊലീസിന്റെ കണക്കുകള്‍ പ്രകാരം, 2026-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 12,032 പേർക്കതിരെ നടപ്പാതയിലൂടെ വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. 2025-ല്‍ ഏകദേശം 19,000 കേസുകളും, 2024-ല്‍ 17,000 കേസുകളും രജിസ്‌റ്റർ ചെയ്‌തിരുന്നു. വർഷംതോറും ഇത്തരം നിയമലംഘനങ്ങള്‍ വർധിക്കുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ബെംഗളൂരു വികസനമന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ 5000 രൂപയായി ഉയർത്താൻ നിർദേശിച്ചത്. പലരും ഈ നിർദേശത്തെ സ്വാഗതം ചെയ്തെങ്കിലും, പിഴ മാത്രം വർധിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും, നിയമം കർശനമായും തുടർച്ചയായും നടപ്പാക്കണമെന്നും നഗരവാസികള്‍ അഭിപ്രായപ്പെടുന്നു.എംജി റോഡ്, രാജ്ഭവൻ റോഡ്, റിച്ച്‌മണ്ട് റോഡ്, വൈറ്റ്ഫീല്‍ഡ്, മറത്തഹള്ളി, ബെല്ലന്തൂർ, ഹെഗ്ഡെ നഗർ, ഔട്ടർ റിങ് റോഡിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇരുചക്ര വാഹന യാത്രക്കാർ പതിവായി നടപ്പാതകള്‍ ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. നേരത്തെ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജീവനക്കാരില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രവണത ഇപ്പോള്‍ ഓഫീസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റ് യാത്രക്കാരും പിന്തുടരുന്നതായും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.റോഡുകളുടെ മോശം അവസ്ഥയും ഇതിനൊരു കാരണമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം നിയമലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയുമാണെന്ന് നഗരവാസികള്‍ പറയുന്നു. പല പ്രദേശങ്ങളിലും നടപ്പാതകള്‍ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.നടപ്പാതകള്‍ കാല്‍നടയാത്രക്കാർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്നതാണെന്നും, അവിടെ വാഹനമോടിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും, ദീർഘകാല പരിഹാരത്തിനായി കർശനമായ നിയമനടപടി, മികച്ച റോഡ് രൂപകല്‍പന, പൊതുജന ബോധവല്‍ക്കരണം എന്നിവ അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേസമയം, നടപ്പാതകളിലെ മറ്റൊരു പ്രധാന പ്രശ്‌നമായി കയ്യേറ്റങ്ങള്‍ തുടരുകയാണ്. പാർക്ക് ചെയ്‌ത വാഹനങ്ങള്‍, തെരുവ് കച്ചവടക്കാർ, ചരക്ക് കയറ്റിറക്കല്‍ പ്രവർത്തനങ്ങള്‍ എന്നിവ കാരണം പല സ്ഥലങ്ങളിലും നടപ്പാതകള്‍ ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. സമീപകാലത്ത് നടത്തിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ശേഷവും പല സ്ഥലങ്ങളിലും വീണ്ടും കയ്യേറ്റങ്ങള്‍ വീണ്ടും നടന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group