Home Featured വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനം: കര്‍ണാടക ഹൈക്കോടതി

വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനം: കര്‍ണാടക ഹൈക്കോടതി

മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീല്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

25 വയസ് വരെ ആണ്‍മക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ചെയ്യാനാകാത്തവര്‍ക്കുമൊക്കെ മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റ് കാര്‍ഡ് ലഭിക്കുമ്ബോള്‍ 25 വയസിനു മുന്‍പ് വിവാഹിതരാകുന്ന പെണ്‍മക്കള്‍ക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു.

”25 വയസിന് താഴെയുള്ള, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഐഡി കാര്‍ഡ് ലഭിക്കണമെങ്കില്‍ 25 വയസു വരെ ഇവര്‍ അവിവാഹിതരായി തുടരണം. എന്നാല്‍ ആണ്‍മക്കളുടെ കാര്യം അങ്ങനെയല്ല. അവര്‍ വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഈ ഐഡി കാര്‍ഡ് ലഭിക്കും, വിവാഹം കഴിക്കുന്നതോടെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതായിത്തീരുന്നു”, ജസ്റ്റിസ് നാഗപ്രസന്ന കൂട്ടിച്ചേര്‍ത്തു.

മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ ഹര്‍ജിക്കാരിക്ക് ഐഡി കാര്‍ഡ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശത്തിലെ ‘വിവാഹം വരെ’ പോലുള്ള വാക്കുകള്‍ എടുത്തുകയാന്‍ സമയം ആയെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സുബേദാര്‍ രമേഷ് ഖണ്ഡപ്പ പാട്ടീല്‍ എന്ന മുന്‍ സൈനികന്റെ രണ്ടാമത്തെ മകളാണ് ഹര്‍ജിക്കാരി. 1979 ജൂണ്‍ 25-ന് സൈന്യത്തില്‍ ചേര്‍ന്ന സുബേദാര്‍ രമേഷ് മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ അംഗമായിരുന്നു. 2001-ല്‍ ഹരജിക്കാരിക്ക് 10 വയസുള്ളപ്പോളാണ്, പഞ്ചാബിലെ ഗാസിവാലയില്‍ നടന്ന ഓപ്പറേഷന്‍ പരാക്രമിനിടെ അദ്ദേഹം മരിച്ചത്.

മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി മുന്‍പ് വിധിച്ചിരുന്നു. വിവാഹിതരായ ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ല.

വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2012 ഏപ്രില്‍ 12ന് ഹുബ്ബള്ളിയിലെ യമനൂരിന് സമീപം അപകടത്തില്‍ മരിച്ച രേണുകയുടെ (57) വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എച്ച്‌ പി സന്ദേശിന്റെ നിരീക്ഷണം.

You may also like

error: Content is protected !!
Join Our WhatsApp Group