മുംബൈ: കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി ഐക്യകണ്ഠേന പ്രമേയം പാസാക്കി മഹാരാഷ്ട്ര. മുഖ്യമന്ത്രി ഏക്നാഥ് ഷിന്റെ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. മഹാരാഷ്ട്രയിലെ ബെല്‍ഗാവി, കാര്‍വാര്‍, നിപാനി, ബിദര്‍ ഭാല്‍ക്കി എന്നിവയുള്‍പ്പെടെ 865 ഗ്രാമങ്ങളിലെ എല്ലാ പ്രദേശവും വിട്ടു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ശക്തമായ പോരാട്ടം തുടരുമെന്ന് പ്രമേയത്തില്‍ പറഞ്ഞു.
കഴിഞ്ഞാഴ്ച കര്‍ണാടക സര്‍ക്കാരും പ്രമേയം പാസാക്കിയിരുന്നു. കര്‍ണാടകത്തിന്റെ സ്ഥലം, ജലം, ഭാഷ, കന്നഡിഗരുടെ താത്പര്യം എന്നിവയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്.
കര്‍ണാടകയിലെ ബെളഗാവിയില്‍ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങള്‍ക്കുവേണ്ടിയാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. 1960 ല്‍ മഹാരാഷ്ട്ര സ്ഥാപിതമായത് മുതല്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഒരിഞ്ച് പോലും സ്ഥലം വിട്ട് നല്‍കില്ലെന്നാണ് ഇരു സംസ്ഥാനങ്ങളേയും നിലപാട്. അടുത്തിടെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കങ്ങള്‍ ഇല്ലെന്നും ഭരണഘടനപരമായി തന്നെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാമെന്നാണ് ഇരു മുഖ്യമന്ത്രിമാരും സമ്മതിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ പറഞ്ഞത്.
അതേസമയം മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടത് നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.
ബെംഗ്ളൂറില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗ്ളൂറില്‍ അറസ്റ്റില്‍
മംഗ്ളുറു: ബെംഗ്ളൂറില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ച് കൊണാജെ പൊലീസ് പിടികൂടി.കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗ്ളൂറില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍, ബോളിയാര്‍ റോഡ് വഴി കേരളത്തിലേക്ക് ആള്‍ടോ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. 3,19,000 രൂപ വിലമതിക്കുന്ന 32,195 കിലോ കഞ്ചാവ്, മയക്കുമരുന്ന് വാങ്ങാനും വില്‍ക്കാനും ഉപയോഗിച്ച 13,000 രൂപയുടെ മൊബൈല്‍ ഫോണ്‍, രണ്ട് ട്രാവല്‍ ബാഗുകള്‍, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൂന്ന് ലക്ഷം രൂപയുടെ ആള്‍ടോ കാര്‍ എന്നിവയടക്കം മൊത്തം 6,32,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തതായി കൊണാജെ പൊലീസ് അറിയിച്ചു.
അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ദിനകര്‍ ഷെട്ടിയുടെ മേല്‍നോട്ടത്തില്‍ കൊണാജെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ദേവാഡിഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.