ന്യൂഡല്‍ഹി: മുസ്‍ലിംകളില്‍ നിന്ന് സ്വയരക്ഷ നേടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ ആയുധം സൂക്ഷിക്കണമെന്ന ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂറിനെതിരെ പരാതി.പ്രഗ്യ സിങ് കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നാരോപിച്ചാണ് പരാതി. ‘വര്‍ഗീയതയുടെ ഒന്നാംതരം ഉദാഹരണമാണിത്. അവരെ ശിക്ഷിക്കണം’-എന്നാണ് പ്രഗ്യസിങ്ങിനെതിരെ ആഞ്ഞടിച്ച ജയ്റാം രമേശ് പറഞ്ഞത്. സ്വയ രക്ഷക്കായി മൂര്‍ച്ചയേറിയ ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കണമെന്നാണ് പ്രഗ്യ ആവശ്യപ്പെട്ടത്.
തങ്ങള്‍ക്കെതിരായ ആക്രമണം തടയാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ ചുരുങ്ങിയത് ഒരു കത്തിയെങ്കിലും കരുതണമെന്നും അവര്‍ ആഹ്വാനം ചെയ്തു.പ്രഗ്യയുടെ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ തെഹ്സീന്‍ പൂനവാലയാണ് പരാതി നല്‍കിയത്. ഐ.പി.സിയിലെ വകുപ്പുകള്‍ പ്രകാരം പ്രഗ്യക്കെതിരെ ശിവമോഗ പൊലീസ് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യ വിദ്വേഷ പ്രസംഗം നടത്തിയത്.
”നിങ്ങള്‍ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടി വരിക എന്ന് പറയാനാകില്ല. എല്ലാവര്‍ക്കം സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ തുനിഞ്ഞാല്‍ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.
ഹിന്ദുക്കള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവര്‍ ലൗവ് ജിഹാദ് എന്ന പരമ്ബരാഗത സമ്ബ്രദായം പിന്തുടരുന്നവരാണ്. ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ ലൗവ് ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കില്‍ പോലും ലൗവ് ജിഹാദ് ആണ് അവര്‍ക്ക് പ്രിയം. നമ്മള്‍ ഹിന്ദുക്കള്‍ വളരെ സ്നേഹമുള്ളവരാണ്. ദൈവത്തെ സ്നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്.”-എന്നാണ് പ്രഗ്യസിങ് പറഞ്ഞത്.
പഠാന്‍ വിവാദം: ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ച് അയോധ്യയിലെ വിവാദ സന്യാസി; തിയേറ്ററുകള്‍ കത്തിക്കാന്‍ ആഹ്വാനം
അയോധ്യ: ഷാരൂഖ് ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ പഠാനിലെ പാട്ട് റിലീസായതിന് പിന്നാലെ നടനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ അയോധ്യയിലെ സന്യാസി വീണ്ടും വിവാദത്തില്‍.ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ചാണ് (‘തെരാവീന്‍’ ചടങ്ങ്) വിവാദ സന്യാസി മഹന്ത് പരമഹംസ് ദാസ് വിദ്വേഷനീക്കം ആവര്‍ത്തിച്ചത്.തിങ്കളാഴ്ച അയോധ്യയിലായിരുന്നു സംഭവം. ഒരു മണ്‍പാത്രവുമായി നിലത്തിരിക്കുകയും ചില മന്ത്രങ്ങള്‍ ഉരുവിട്ടതിന് ശേഷം അത് നിലത്ത് ഉടയ്ക്കുകയുമായിരുന്നു.
ഇയാളെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ ചടങ്ങ്.തന്റെ സിനിമകളിലൂടെ നടന്‍ പ്രചരിപ്പിച്ചിരുന്ന ‘ജിഹാദിന്’ അന്ത്യം കുറിക്കുന്നതാണ് ഈ ‘തെരാവീന്‍’ എന്ന് വിവാദ സന്യാസി പറഞ്ഞു. ‘പഠാന്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിടാനും ഇയാള്‍ ആഹ്വാനം ചെയ്തു.’ബോളിവുഡും ഹോളിവുഡും സനാതന ധര്‍മത്തെ കളിയാക്കാനും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കാനും നിരന്തരം ശ്രമിക്കുന്നു.
‘പഠാന്‍’ സിനിമയില്‍ ദീപിക പദുക്കോണ്‍ ബിക്കിനി ധരിച്ച് സന്യാസിമാരുടെയും രാജ്യത്തെ മുഴുവന്‍ മതവികാരങ്ങളെയും വ്രണപ്പെടുത്തി’.’സനാതന ധര്‍മത്തെ ഷാരൂഖ് ഖാന്‍ നിരന്തരം കളിയാക്കാറുണ്ട്. കാവി ബിക്കിനി ധരിച്ച് ദീപിക പദുക്കോണ്‍ ഇത്തരം ചുവടുകള്‍ അവതരിപ്പിക്കേണ്ട ആവശ്യം എന്തായിരുന്നു?’- അയാള്‍ ചോദിച്ചു.ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ മരണാനന്തര ദുഃഖാചരണത്തിന്റെ അവസാന ദിവസം ആഘോഷിക്കുന്ന ചടങ്ങിനെയാണ് ‘തെരാവീന്‍’ എന്ന് വിളിക്കുന്നത്.
‘തെരാവീന്‍’ എന്ന പദത്തിന്റെ അര്‍ഥം പതിമൂന്നാം എന്നാണ്. മരണത്തിന്റെ 13ാം ദിവസമാണ് ചടങ്ങ് നടക്കുന്നത്.ഷാരൂഖിനെ ജീവനോടെ ചുട്ടെരിക്കുമെന്ന സന്യാസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി വരെ നിരാഹാരം പ്രഖ്യാപിച്ച് ഇയാള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ചിത്രത്തിലെ പാട്ട് റിലീസായതിന് പിന്നാലെ നായികയായ ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തിന്റെ നിറം ചൂണ്ടിക്കാണിച്ചായിരുന്നു സംഘ്പരിവാര്‍- ഹിന്ദുത്വ കേന്ദ്രങ്ങള്‍ വാളെടുത്തത്. നടനും ചിത്രത്തിനുമെതിരെ ഭീഷണിയുമായെത്തി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ബഹിഷ്‌കരണാഹ്വാനവും നടത്തുന്നുണ്ട്.