Home Featured കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം: കര്‍ണാടകയില്‍ ലയിക്കാന്‍ പ്രമേയം പാസാക്കിയ 11 ഗ്രാമങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം: കര്‍ണാടകയില്‍ ലയിക്കാന്‍ പ്രമേയം പാസാക്കിയ 11 ഗ്രാമങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

by കൊസ്‌തേപ്പ്

കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താനിരിക്കെ മഹാരാഷ്ട്ര സര്‍ക്കാര്‍ അക്കല്‍കോട്ടിലെ 11 ഗ്രാമങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കര്‍ണാടകയുമായി ലയിക്കണമെന്ന് ആവശ്യവുമായി പ്രമേയം പാസാക്കിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കാനാണ് ഗ്രാമങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഈ 11 ഗ്രാമങ്ങളില്‍ 10 ഗ്രാമങ്ങള്‍ തങ്ങളുടെ പ്രമേയങ്ങള്‍ റദ്ദാക്കിയതായും മഹാരാഷ്ട്രയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ‘കര്‍ണാടകയില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ അക്കല്‍കോട് താലൂക്കിലെ 11 ഗ്രാമങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്’ എന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സച്ചിന്‍ ഖുഡെ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.

ഗ്രാമങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്, സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന് പകരം ഗ്രാമങ്ങള്‍ ഇത്തരമൊരു പ്രമേയം പാസാക്കിയത് എന്തുകൊണ്ടാണെന്നും ഖുഡെ ചോദിച്ചു. കാരണം കാണിക്കല്‍ നോട്ടീസില്‍ ചൊവ്വാഴ്ചയോടെ 10 ഗ്രാമങ്ങള്‍ മറുപടി നല്‍കിയതായി ഖുഡെ പറഞ്ഞു.

11 ഗ്രാമപഞ്ചായത്തുകളില്‍ 10 എണ്ണം തങ്ങളുടെ പ്രമേയങ്ങള്‍ റദ്ദാക്കിയതായും മഹാരാഷ്ട്രയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍ 11-ാം ഗ്രാമപഞ്ചായത്തിന്റെ തലവന്‍ സ്ഥലത്തില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഖുഡെ പറഞ്ഞു.

11 ഗ്രാമപഞ്ചായത്തുകളും തങ്ങളുടെ പ്രമേയങ്ങള്‍ പിന്‍വലിച്ചതായി അക്കല്‍കോട്ട് എംഎല്‍എ സച്ചിന്‍ കല്യാണ്‍ഷെട്ടിയും പറഞ്ഞു. ”ഞാന്‍ ഇതുസംബന്ധിച്ച്‌ അവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്നലെയും അവരുമായി കൂടിക്കാഴ്ച നടത്തുകയും അതത് ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്തു. പ്രമേയം പിന്‍വലിക്കാന്‍ എല്ലാവരും സമ്മതിക്കുകയും അത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്,’ എന്ന്‌ കല്യാണ്‍ഷെട്ടി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമായും റോഡുകളെക്കുറിച്ചാണ് ഗ്രാമവാസികള്‍ പരാതിപ്പെടുന്നതെന്ന് കല്യാണ്‍ഷെട്ടി പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടാതെ, കാലവര്‍ഷം വൈകിയതിനാല്‍ ഈ പ്രദേശത്ത് കറുത്ത പരുത്തി മണ്ണ് നിറഞ്ഞിരിക്കുകയാണെന്നും അതിനാല്‍ റോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”എനിക്ക് ലഭിച്ച വിവരമനുസരിച്ച്‌ 10 ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം അവരുടെ പ്രമേയം പിന്‍വലിച്ചിട്ടുണ്ട്”- കര്‍ണാടകയില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്ന 11 പഞ്ചായത്തുകളിലൊന്നായ അഗ്ലേഗാവിന്റെ തലവന്‍ മാന്റസ് ഹതുര്‍ പറഞ്ഞു. തങ്ങളുടെ ഗ്രാമപഞ്ചായത്ത് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മിക്ക ഗ്രാമപഞ്ചായത്തുകളും അവരുടെ പ്രമേയം പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നല്ല റോഡ്, വെള്ളം, വൈദ്യുതി, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ ഗ്രാമപഞ്ചായത്ത് കര്‍ണാടകയില്‍ ലയിപ്പിക്കാനുള്ള പ്രമേയം പാസാക്കിയതെന്ന് ഹതുര്‍ പറഞ്ഞു.

അതേസമയം, സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിന് വേണ്ടി പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് പോലെ തങ്ങളുടെ ഗ്രാമത്തിനും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയിലാണ് ഗ്രാമങ്ങള്‍ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്ന് കല്യാണ്‍ഷെട്ടി പറഞ്ഞു.

മുസ്ലീം വിദ്യാര്‍ത്ഥിയും ഹിന്ദു വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രണയം; പിന്തുണച്ച 18 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മംഗളൂരു: ഹിന്ദു വിദ്യാര്‍ത്ഥിനിയും മുസ്ലീം വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച്‌ നേരത്തെ അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

ഇതിനിടെ ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്ന് അതേ കോളേജിലെ ഹിന്ദു സമുദായത്തില്‍പ്പെട്ട കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ അറിയാനിടയായി. ഇതോടെ കഴിഞ്ഞ ദിവസം നടന്ന കോളേജ് പരിപാടിക്കിടെ ഇവര്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. പിന്നാലെ കുറച്ച്‌ മുസ്ലീം വിദ്യാര്‍ത്ഥികള്‍ അവന് പിന്തുണയുമായെത്തി.

എന്നാല്‍, സംഭവത്തിനു ശേഷം, മുസ്ലീം വിദ്യാര്‍ത്ഥിയെ പിന്തുണച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ 18 പേരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് 2023 മാര്‍ച്ചിലെ പരീക്ഷ എഴുതാന്‍ മാനേജ്‌മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്ത 18 വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളാണ്. പത്ത് പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരെല്ലാം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

കോളേജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച്‌ ഡാന്‍സ് കളിച്ച നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടകയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രോഗ്രാമിനിടെയായിരുന്നു വിദ്യാര്‍ഥികളുടെ ഡാന്‍സ്.

മംഗളൂരു സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലായിരുന്നു സംഭവം. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളില്‍ നാല് വിദ്യാര്‍ത്ഥികള്‍ പ്രശസ്തമായ ബോളിവുഡ് ഗാനത്തിന് ചുവട് വെയ്ക്കുന്നതും കാണികള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നാല് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങള്‍ക്കും കോളേജ് പിന്തുണ നല്‍കില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന പരിപാടിയില്‍ ഇടിച്ചു കയറിയാണ് ഈ നാലു വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group