ബംഗളൂരു: സംക്ഷേപ വേദാര്‍ഥത്തിന്‍റെ 250-ാം വാര്‍ഷികാഘോഷം ബംഗളൂരു ധര്‍മാരാം വിദ‍്യാക്ഷേത്രത്തിന്‍റെ ആഭിമുഖ‍്യത്തില്‍ സംഘടിപ്പിച്ചു.ഡോ. പി.കെ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംക്ഷേപ വേദാര്‍ഥത്തിന്‍റെ 250-ാം വാര്‍ഷികത്തില്‍ മലയാളിയുടെ ആധുനികത്വത്തിന്‍റെ 250 വര്‍ഷമാണ് ആഘോഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മാരാം വിദ‍്യാക്ഷേത്രം റെക്ടര്‍ റവ.ഡോ. പോള്‍ അച്ചാണ്ടി അധ‍്യക്ഷനായിരുന്നു. ഈ ആഘോഷം ഭാഷയുടെ വികസനത്തിന്‍റെയും വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനങ്ങള്‍ വീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാള അച്ചടിയുടെ പിതാവിനെയാണ് ഈ അവസരത്തില്‍ അനുസ്മരിക്കുന്നതെന്ന് നിര്‍മലഗിരി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ റവ.ഡോ. മാണി ആട്ടേല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെത്തിയ ഇറ്റാലിയന്‍ മിഷണറി ഫാ. ക്ലമെന്‍റ് പിയാനിയസ് 1772ല്‍ രചിച്ച സംക്ഷേപ വേദാര്‍ഥമാണ് മലയാളത്തില്‍ ആദ‍്യമായി അച്ചടിച്ച പുസ്തകം. റോമില്‍ അച്ചടിച്ച് പുസ്തകം അദ്ദേഹംതന്നെയാണ് കേരളത്തില്‍ എത്തിച്ചത്. ഇതില്‍ ഒരു പ്രതി ഇപ്പോഴും ധര്‍മാരാം ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.