ബംഗളൂരു: മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആര്‍.ബംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്യും.കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിന്‍ ഓടുക.ചെന്നൈ സെന്‍ട്രല്‍-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയില്‍ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയില്‍ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്.
കെ.എസ്.ആര്‍ ബംഗളൂരുവില്‍-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനില്‍ ഉച്ചക്ക് 12.30ന് എത്തും. മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് (20607) മൈസൂരുവില്‍ നിന്ന് ഉച്ചക്ക് 1.05നാണ് പുറപ്പെടുക.കെ.എസ്.ആര്‍ ബംഗളൂരുവില്‍ 2.55 ന് എത്തും. ഇവിടെ 5 മിനിറ്റ് സ്റ്റോപ്. കാട്പാടി- 5.58ന് എത്തും. ഇവിടെ 2 മിനിറ്റ് സ്റ്റോപ്. ചെന്നൈ സെന്‍ട്രലില്‍ രാത്രി 7.35ന് എത്തും. ചെന്നൈയില്‍ നിന്ന് പുറപ്പെട്ടാല്‍ കാട്പാടിയിലും കെ.എസ്.ആര്‍ ബംഗളൂരുവിലും മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
ദക്ഷിണ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ മണിക്കൂറില്‍ 80.25 കിലോമീറ്ററും ദക്ഷിണ പശ്ചിമ റെയില്‍വേ പരിധിയില്‍ 75.62 കിലോമീറ്ററുമാണ് പരമാവധി വേഗം. രാജ്യത്ത് നിലവില്‍ സര്‍വിസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കുറഞ്ഞ വേഗമാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ ഉണ്ടാവുക. മൈസൂരു -ബംഗളൂരു പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗമെങ്കിലും വളവുകള്‍ ഉള്ളതിനാലാണ് വേഗപരിധി. വളവുകളില്ലാത്ത പാതകളില്‍ 160-180 കിലോമീറ്റര്‍ വേഗ പരിധിയില്‍ വരെ സര്‍വിസ് നടത്താന്‍ കഴിയും.
പൂര്‍ണമായും തദ്ദേശീയമായാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും പൂര്‍ണമായും ഓട്ടോമാറ്റിക് ഡോറുകള്‍ ഉള്ളവയാണ്. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അടിസ്ഥാനമാക്കിയുള്ള പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, യാത്രയിലുടനീളം ഹോട്ട്സ്പോട്ട് വൈ ഫൈ എന്നിവ ട്രെയിനിന്‍റെ പ്രത്യേകതയാണ്. ഇത് രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിനാണ്. ടിക്കറ്റ് നിരക്കിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. നിലവില്‍ മൈസൂരു-ബംഗളൂരു- ചെന്നൈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനേക്കാള്‍ ഉയര്‍ന്ന നിരക്കായിരിക്കും ഈടാക്കുക.
കോപ്പിയടിച്ചെന്ന് ആരോപണം; സ്വദേശിയായ 16-കാരന്‍ ജീവനൊടുക്കി
ബംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂള്‍ വിദ്യാര്‍ഥി ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ബംഗളൂരു സംപിഗേഹള്ളി സ്വദേശിയായ 16 വയസുകാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് സംപിഗേഹള്ളി പ്രദേശത്തെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത്. കുറച്ച് സമയത്തിന് ശേഷം തിരികെ പ്രവേശിപ്പിച്ചെങ്കിലും വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ 14-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.