രേവ(മധ്യപ്രദേശ്): മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 യാത്രക്കാർ മരിച്ചു. 40ലേറെപ്പേർക്ക് പരിക്കേറ്റു. നൂറോളം പേരുമായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയിൽ സുഹാഗി പഹാരിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ചത്. നേരത്തെ ചെറിയൊരു അപകടമുണ്ടായതിനെ തുടർന്ന് ട്രക്ക് ദേശീയപാതയിൽ കുടുങ്ങികിടക്കുകയായിരുന്നു. ബസ് പിന്നിൽ നിന്ന് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ കട്നിയിൽ നിന്ന് കയറിയ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് ബസിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവുമെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിൻ പറഞ്ഞു. തൊഴിലാളികൾ ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.വഴിയാത്രക്കാരാണ് അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. ഉത്തർപ്രദേശ് പ്രധാനമന്ത്രി യോഗി ആദിത്യനാഥുമായും അദ്ദേഹം സംസാരിച്ചു.മൃതദേഹങ്ങൾ ഉത്തർപ്രദേശിലുള്ള കുടുംബാംഗങ്ങൾക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മലയാളി സൈനികന് ഉള്‍പ്പെടെ വീരമൃത്യു വരിച്ച ഹെലികോപ്റ്റര്‍ അപകടം; പൈലറ്റിന് പിഴവുണ്ടായില്ല; സാങ്കേതിക തകരാറെന്ന് സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്ന് സൈന്യം.
അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുമ്ബ് വരെ പൈലറ്റ് അപായ സന്ദേശം അയച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തിന്റെ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വീരമൃത്യു വരിച്ച അഞ്ച് പേരില്‍ മലയാളി ജവാനുമുണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍ക്കും അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടു. ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. അഞ്ചാമത്തെയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ചെറുവത്തൂര്‍ സ്വദേശിയായ കെ.വി അശ്വിനാണ് അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്. 24 വയസായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സൈന്യത്തിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തിലായിരുന്നു അശ്വിന്റെ സേവനം. ഒടുവില്‍ നാട്ടിലേക്ക് വന്നത് കഴിഞ്ഞ ഓണത്തിനായിരുന്നു. അശ്വിന്റെ മൃതദേഹം ഞായറാഴ്ചയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് വിവരം.